'കരടിൽ വാസ്തവ വിരുദ്ധമായവ'

Wednesday 21 January 2026 1:12 AM IST

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടർന്ന് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചുവെന്നും പരമോന്നതകോടതി അത് ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. സുപ്രീംകോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം . ഈ സാഹചര്യത്തിൽ കരടിലെ പ്രസ്തുത പരാമർശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്.കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണ് എന്ന പരാമർശവും കരടിൽ നിന്ന് ഒഴിവാക്കണം എന്നും നിർദ്ദേശിച്ചിരുന്നു. പകരം മുൻകൂർ തുകകൾ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിർദ്ദേശിച്ചിരുന്നത്.പക്ഷെ സംസ്ഥാന സർക്കാർ അത് തിരുത്താൻ തയ്യാറായില്ല. ഗവർണർക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സർക്കാരിൽ നിന്നുണ്ടായ പ്രതികരണം.

കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണർ താൻ നിർദ്ദേശിച്ചതും, സർക്കാർ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് സഭയിൽ വായിച്ചതെന്ന് ലോക് ഭവൻ വ്യക്തമാക്കി.