ഹൈക്കോടതിയിൽ റിട്ട് ഹർജിക്ക് ഇ.ഡിക്ക് അധികാരമുണ്ടോ ? #പരിശോധിക്കാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇ.ഡിക്കും നോട്ടീസ് നയതന്ത്ര സ്വർണക്കടത്തുകേസിലെ  ജുഡിഷ്യൽ കമ്മിഷൻ നിയമന വിഷയം

Wednesday 21 January 2026 1:23 AM IST

ന്യൂഡൽഹി: ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാൻ ഇ.ഡിക്ക് അധികാരമുണ്ടോയെന്ന തർക്കവിഷയം വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ഹർജികളിൽ കേന്ദ്രത്തിനും ഇ.ഡിക്കും നോട്ടീസയക്കാൻ ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം നിലപാട് അറിയിക്കാൻ ജസ്റ്റിസുമാരായ ദീപാങ്ക‌ർ ദത്ത, സതീഷ് ചന്ദ്ര ശ‌ർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. തിരുവനന്തപുരം നയതന്ത്ര സ്വ‌ർണക്കടത്തുക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം രാഷ്ട്രീയ നേതാക്കളെ കുടുക്കാൻ ഇ.ഡി ശ്രമിക്കുകയാണോയെന്ന് പരിശോധിക്കാൻ ജുഡിഷ്യൽ അന്വേഷണ കമ്മിഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷന്റെ രൂപീകരണം ചോദ്യംചെയ്‌ത് ഇ.ഡി കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഹൈക്കോടതി ഇടപെട്ട് കമ്മിഷൻ പ്രവ‌ർത്തനം സ്റ്റേ ചെയ്‌തിരുന്നു. ഇ.ഡി കേന്ദ്രസർക്കാരിന്റെ വകുപ്പ് മാത്രമാണെന്നും,​ റിട്ട് ഹർജി സമർപ്പിക്കാൻ അധികാരമില്ലെന്നും സർക്കാർ വാദിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇ.ഡി നിയമപരമായ സ്ഥാപനമാണെന്ന് നിലപാടെടുത്തു. ഈ ഉത്തരവിനെയാണ് കേരളവും തമിഴ്നാടും ഒരുപോലെ ചോദ്യംചെയ്യുന്നത്. അതേസമയം,​ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി ഇന്നലെ തയ്യാറായില്ല.