യുവാവിന്റെ ആത്മഹത്യ:.... പ്രതി ഒളിവിൽ: ദൃശ്യം എഡിറ്റ് ചെയ്‌തതെന്ന് സംശയം
കോഴിക്കോട്: സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെതുടർന്ന് യുവാവ് അത്മഹത്യ ചെയ്ത കേസിൽ പുറത്തു വന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് സംശയം. സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫ ഒളിവിലാണ്. ഇവർ വിദേശത്തേക്ക് കടന്നോയെന്ന സംശയവും പൊലീസിനുണ്ട്. യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു.
പയ്യന്നൂരിൽ സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്നു കാട്ടി വടകര സ്വദേശി ഷിംജിത മുസ്തഫ ഇൻസ്റ്റഗ്രാമിലിട്ട് ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയത്. സംഭവം നടന്ന സ്വകാര്യ ബസിലെ സിസി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ ദീപക്കിന്റെയും ഷിംജിതയുടേയും ദൃശ്യം വ്യക്തമല്ല. യുവതി ഇൻസ്റ്റഗ്രാമിലിട്ട ദൃശ്യത്തിന്റെ പൂർണ ഭാഗം വീണ്ടെടുക്കാനും പൊലീസ് ശ്രമം തുടങ്ങി. ഇതിൽ എഡിറ്റിംഗ് നടന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനായി യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുക്കും.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ ദൃശ്യങ്ങൾ യുവതി ഡിലീറ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കേസിൽ നിർണായകമാകും. ഇരുവരും ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ നീക്കം. ബസ് ജീവനക്കാരുടേയും ആ സമയം യാത്ര ചെയ്തവരുടെയും മൊഴിയെടുക്കും.