പുഴയുടെ ഗതിമാറ്റം തടയാൻ നടപടികളുമായി ഇറിഗേഷൻ വകുപ്പ്

Wednesday 21 January 2026 1:39 AM IST

കാളികാവ്: പുഴയുടെ ഗതിമാറ്റം തടയാൻ നടപടികളുമായി ഇറിഗേഷൻ വകുപ്പ്.

മലവെള്ളപ്പാച്ചിലിൽ പുഴ ഗതിമാറി ഒഴുകി വലിയ നാശനഷ്ടം സംഭവിച്ച

ചോക്കാട് വള്ളിപ്പൂളയിലാണ് മഴക്കാല പൂർവ്വ മുന്നൊരുക്കം നടത്തുന്നത്.

വർഷക്കാലത്ത് വള്ളിപ്പൂളയിൽ അമ്പതോളം കുടുംബങ്ങളാണ് സുരക്ഷാ ഭീതിയിൽ കഴിയുന്നത്.

കഴിഞ്ഞ വർഷം കോയിപ്ര മലവാരത്തിൽ ഉണ്ടായ ശക്തമായ മഴയിൽ വള്ളിപ്പൂളയിൽ പുഴ ഗതിമാറി ഒഴുകി ഒട്ടേറെ വീടുകളിലേക്ക് മലവെള്ളം ഇരച്ചെത്തിയിരുന്നു.

വള്ളിപ്പൂളയിൽ പുഴ ഗതിമാറി ഒഴുകിയ ഭാഗങ്ങളിൽ താൽക്കാലിക തീര സംരക്ഷണത്തിനുള്ള നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

പുഴയിലെ ഒഴുക്കിന് തടസ്സമായ കൂറ്റൻ പാറക്കല്ലുകൾ ജെ.സി.ബി ഉപയോഗിച്ച് ഒരു വശത്തേക്ക് മാറ്റുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.

ഇത് വെള്ളത്തിന്റെ കുത്തൊഴുക്കിനെ പ്രതിരോധിക്കാനും കര ഇടിയുന്നത് തടയാനും സഹായിക്കും.

ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ ഫണ്ടുപയോഗിച്ച്

മഴക്കാലത്തിന് മുന്നോടിയായുള്ള പ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നത്.

കഴിഞ്ഞ വർഷം

പുഴ ഗതിമാറി ഒഴുകിയതോടെ പലവീടുകളിലും വെള്ളം കയറുകയും കുത്തൊഴുക്ക് കാരണം ചുമരുകൾക്ക് കേടുപറ്റുകയും ചെയ്തിരുന്നു.

വള്ളിപ്പൂള ഭാഗത്ത് പുഴ ഇടിയുന്നതും ഗതി മാറി ഒഴുകുന്നതും തടയാൻ ഇറിഗേഷൻ വകുപ്പിന് കീഴിൽ 50 ലക്ഷം രൂപ ചെലവഴിച്ചുള്ള സംരക്ഷണ ഭിത്തി നിർമ്മാണത്തിനുള്ള പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതിനു അംഗീകാരം ലഭിച്ചാൽ നിർമ്മാണം തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.