കുടുംബശ്രീയുടെ 'മീറ്റ് പോയിന്റ്' ടേക്ക് എവേ കൗണ്ടറുകൾക്ക് ജില്ലയിൽ തുടക്കം

Wednesday 21 January 2026 1:54 AM IST

മലപ്പുറം: ഭക്ഷ്യരംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പുതിയ സംരംഭമായ 'മീറ്റ് പോയിന്റ്' ടേക്ക് എവേ കൗണ്ടറുകൾക്ക് തുടക്കമായി.ജില്ലയിലെ ആദ്യ സംരംഭം മലപ്പുറം ജില്ലയിലെ താഴെക്കോട് കാപ്പുപറമ്പിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി. സുരേഷ് കുമാർ കൗണ്ടർ ഉദ്ഘാടനം ചെയ്തു. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കളപ്പാടൻ കുടുംബശ്രീയുടെ തന്നെ പദ്ധതിയായ മാർക്കറ്റിംഗ് ഔട്ട്‌ലെറ്റും ജ്യൂസ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമേഖലയിൽ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്നതിനായി ഒരേ മാതൃകയിൽ 50 ടേക്ക് എവേ കൗണ്ടറുകൾ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മീറ്റ് പോയിന്റ് നിലവിൽ വന്നത്. ഷിഹാന ഷെറിൻ, ആൻസി സന്തോഷ് എന്നീ സംരംഭകരാണ് താഴെക്കോട്ടെ യൂണിറ്റിന് നേതൃത്വം നൽകുന്നത്. ചിക്കൻ ഉപയോഗിച്ചുള്ള ഫ്രൈഡ് ചിക്കൻ വിഭവങ്ങളും ചിക്കൻ നഗറ്റ്സുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പുതുതലമുറ ഭക്ഷണരീതികളെക്കൂടി ഉൾപ്പെടുത്തിയാണ് മീറ്റ് പോയിന്റിന്റെ പ്രവർത്തനം. ഫ്രൈഡ് ചിക്കൻ വിഭവങ്ങൾക്ക് പുറമെ ഫ്രോസൺ ചിക്കനും ഇവിടെ ലഭ്യമാണ്. ഇതിനുപുറമെ ഗുണമേന്മയുള്ള പ്രഭാതഭക്ഷണം, രാത്രി ഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണങ്ങൾ എന്നിവയും ടേക്ക്എവേ സൗകര്യത്തോടെ ഉപഭോക്താക്കൾക്ക് വാങ്ങാം. എല്ലാ കൗണ്ടറുകളിലും ഭക്ഷണത്തിന്റെ രുചിയിലും നിലവാരത്തിലും ഏകീകൃത സ്വഭാവം ഉറപ്പുവരുത്താൻ കുടുംബശ്രീ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള കഫേ കാറ്ററിംഗ് യൂണിറ്റുകളെ ഒരു സ്ഥിരസംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനും സംരംഭകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.