ശബരിമല സ്വർണക്കൊള്ള; റെയ്ഡിലെ വിവരങ്ങൾ ക്രോഡീകരിക്കാൻ ഇ ഡി, അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഉടൻ കടക്കും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇന്നലെ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി). പിടിച്ചെടുത്ത രേഖകൾ ക്രോഡീകരിച്ച് ആഴത്തിലുള്ള പരിശോധനകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇഡി. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി സാമ്പത്തിക ഇടപാടുകളുടെ രേഖകളടക്കം ഇഡിക്ക് ലഭിച്ചു. ലാപ്‌ടോപുകളടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവയുടെ ശാസ്‌ത്രീയ പരിശോധനകൾ ഉൾപ്പടെയുള്ളവ പരാമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. വിവരങ്ങൾ ക്രോഡീകരിച്ച ശേഷം അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക തുടങ്ങിയ നടപടികളും അടുത്ത ഘട്ടത്തിൽ ഉണ്ടായേക്കാം.
അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ റെയ്‌ഡുകളിലൊന്നാണ് 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'. ഒരേസമയം 21 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ദേവസ്വം ബോർഡ് ആസ്ഥാനത്തടക്കം പരിശോധന നടത്തി. കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 110 ഇഡി ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
അതേസമയം, കേസിൽ എ പദ്‌മകുമാർ ഉൾപ്പടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യേപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പദ്‌മകുമാറിനു പുറമെ മുരാരി ബാബു, ഗോവർദ്ധൻ എന്നീ പ്രതികളുടെ ജാമ്യാേക്ഷയിലാണ് വിധി പ്രതീക്ഷിക്കുന്നത്. ജസ്‌റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുന്നത്. ദ്വാരപാലകശിൽപങ്ങളിലെ സ്വർണം കവർന്ന കേസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളിക്കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണികൃഷ്‌ണൻ പോറ്റി ജയിലിൽ തുടരുകയാണ്.