ദമ്പതികളുടെ അപകട മരണം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്
കിളിമാനൂർ: ദമ്പതികളുടെ അപകടമരണത്തിൽ പ്രതികളായവരെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. 58 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദമ്പതികളുടെ ബന്ധുക്കളടക്കമുള്ളവരുടെ പേരിൽ പൊതുഗതാഗതം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്. പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് (40), ഭാര്യ അംബിക എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
ജനുവരി നാലിന് ബൈക്കിൽ പോകുകയായിരുന്ന ദമ്പതികളെ നിയന്ത്രണം വിട്ട ഥാർ ജീപ്പ് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. അംബികയുടെ ശരീരത്തിൽ കൂടി ജീപ്പ് കയറിയിറങ്ങുകയും രഞ്ജിത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നതിന്റെ രണ്ടാം ദിവസം അംബിക മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മരിച്ചത്. അപകടമുണ്ടാക്കിയവരെ പൊലീസ് ഇതുവരെ പിടികൂടാത്തതിനാലാണ് യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും സ്‌റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തിയത്.
അപകടശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. രണ്ട് പേർ ഓടിരക്ഷപ്പെടുകയും ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇയാളെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിടികൂടിയ വാഹനത്തിലുണ്ടായിരുന്ന മൂന്ന് തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേതായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. തൊണ്ടിമുതലായി സ്റ്റേഷനിലെത്തിച്ച ജീപ്പിന് തീവച്ച് തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെയാണ് പ്രതിഷേധം നടത്തിയതെന്നും ഇവർ പറയുന്നു. പ്രതികൾക്ക് സ്വാധീനമുള്ളതിനാൽ മനപൂർവ്വം കേസ് എടുക്കാതിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
'എന്റെ അനുജത്തിയുടെ ദേഹത്തിലൂടെ വാഹനം കയറിയിറങ്ങിയിട്ടുണ്ടെന്നും അതുകൊണ്ട് രക്ഷപ്പെടുത്തിയെടുക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്നുമാണ് ഡോക്‌ടർ പറഞ്ഞത്. അനുജത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ മരിച്ചു. അപകടം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം പരാതി കൊടുത്തതിന് ശേഷമാണ് മൊഴിയെടുക്കാനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാളെ വിളിച്ചത്. അയാൾ നൽകിയ മൊഴിയല്ല പൊലീസ് രേഖപ്പെടുത്തിയത്. വാഹനം ദേഹത്തിലൂടെ കയറിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കാരേറ്റ് വരെ വാഹനത്തിന് അമിത വേഗതയുണ്ടായിരുന്നെങ്കിലും കിളിമാനൂർ എത്തിയപ്പോൾ വേഗത കുറച്ചിരുന്നെന്നും പൊലീസ് പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്‌ടറുടെ മൊഴിയിൽ വാഹനം കയറിയതായി പറയുന്നില്ലെന്നാണ് പൊലീസിന്റെ വാദം. അങ്ങനെയെങ്കിൽ അപകടത്തിന്റെ വീഡിയോകളിൽ കാണുന്നത് കള്ളമാണോ?' അംബികയുടെ സഹോദരൻ പറയുന്നു.