'തന്റെ കുടുംബത്തോട് മന്ത്രി ഗണേശ് കുമാർ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല'; തുറന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ
പത്തനാപുരം: സോളാർ കേസിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോളാർ കേസിൽ വിവാദമായ 18 പേജുള്ള കത്തിൽ മുൻ മുഖ്യമന്ത്രിയും ചാണ്ടി ഉമ്മന്റെ പിതാവുമായ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നുവെന്നാണ് ആരോപണം. മന്ത്രി കെ ബി ഗണേശ് കുമാർ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
'എന്റെ പിതാവും ആർ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേശ് കുമാറിന്റെ അമ്മയെ ഞാൻ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്നേഹിച്ചത് പോലെയാണ് ഗണേശ് കുമാറിനെയും അപ്പൻ സ്നേഹിച്ചത്. എന്നിട്ടും സോളാർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. ഇന്നും ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. കാരണം ഉമ്മൻ ചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ സിഡി തേടി ഗണേശ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കുമൊക്കെ യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ?. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻ ചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷേ ഗണേശ് കുമാറിൽ നിന്ന് ഇതുപോലുള്ള നീചമായ പ്രവൃത്തികളാണ് ഉണ്ടായത്'- ചാണ്ടി ഉമ്മൻ വ്യക്തമാക്കി.