ഇന്നത്തേത് ചരിത്രത്തിലെ ഉയർന്ന വില; പവൻവിലയിൽ വൻവർദ്ധനവ്, സ്വർണം റെക്കാഡ് കുതിപ്പിൽ

Wednesday 21 January 2026 11:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻകുതിപ്പ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 460 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും, പവന് 1,13,520 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ അനുസരിച്ചാണിത്.

കഴിഞ്ഞ ദിവസം നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷവുമായി മൂന്ന് തവണ ഉയര്‍ന്ന വില വൈകുന്നേരമായപ്പോള്‍ കുറയുകയായിരുന്നു. ഇന്നലെ പവൻ വില 109,840 രൂപയും ഗ്രാമിന് 13,730 രൂപയുമായിരുന്നു നിരക്ക്. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണവിപണിയില്‍ സംഭവിക്കുന്നത്. അമേരിക്ക വെനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കിയതും ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞതും ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തിലാക്കുമെന്നുളള പ്രഖ്യാപനവുമെല്ലാം നിക്ഷേപകരില്‍ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇതോടെയാണ് ഓഹരി വിപണിയിലും കറന്‍സിയിലും സ്വര്‍ണവിപണിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായത്. നിലവിലെ വിലയില്‍ പണിക്കൂലി ഉള്‍പ്പടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1.30 ലക്ഷത്തിന് മുകളില്‍ നല്‍കേണ്ടിവരും.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് ഇതുവരെ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 340 രൂപയും കിലോഗ്രാമിന് 3,​40,​000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.