മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ജോലി നഷ്‌ടമാകും; നടപടി മൂന്ന് മാസത്തിനുള്ളിൽ, മുന്നറിയിപ്പുമായി ഗൾഫ് രാജ്യം

Wednesday 21 January 2026 11:17 AM IST

റിയാദ്: സെയിൽസ്, മാർക്കറ്റിംഗ് മേഖലകളിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കി സൗദി അറേബ്യ. 30ൽ നിന്ന് 60 ശതമാനമാക്കിയാണ് രാജ്യത്ത് ഈ മേഖലകളിലെ സ്വദേശിവൽക്കരണം വർദ്ധിപ്പിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ഉറപ്പാകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

പുതിയ നീക്കത്തിലൂടെ മലയാളികൾ ഉൾപ്പെടെ സൗദിയിലുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടേക്കും. മാർക്കറ്റിംഗ് മാനേജർ, പരസ്യ ഏജന്റ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി പത്തോളം തസ്‌തികകൾ മാർക്കറ്റിംഗ് വിഭാഗത്തിലും സെയിൽസ് മാനേജർ, റീട്ടെയിൽ, ഹോൾസെയിൽ പ്രതിനിധികൾ തുടങ്ങി സെയിൽസ് വിഭാഗം തസ്‌തികകളിലും 60 ശതമാനം സ്വദേശികളെ നിയമിക്കണം.

മാർക്കറ്റിംഗ് തസ്‌തികകളിൽ ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ വേദനം 1500 റിയാലാക്കി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് പുതിയ നിയമം ബാധകമായിരിക്കും. നിയമം നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ 60 ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത പിഴ അടയ്‌ക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.