പിണറായിയേക്കാൾ പ്രിയം വിഡി സതീശനോട്; കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി സർവേ

Wednesday 21 January 2026 2:16 PM IST

ന്യൂഡൽഹി: കേരളത്തില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് എൻഡിടിവിയുടെ ‘വോട്ട്‌വൈബ് സര്‍വേ. 51.9 ശതമാനം പേരാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. 31 ശതമാനം പേര്‍ വളരെ മോശം ഭരണമാണെന്നും 20.9 ശതമാനം പേര്‍ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8 ശതമാനം പേര്‍ വളരെ മികച്ച ഭരണമാണെന്നും 10.7 ശതമാനം പേര്‍ നല്ല ഭരണമെന്നും 11.8 ശതമാനം പേര്‍ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8 ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 22.4 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് 18 ശതമാനം പേരും കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകണമെന്ന് 14.7 ശതമാനം പേരും ശശി തരൂര്‍ എംപി മുഖ്യമന്ത്രിയാകണമെന്ന് 9.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. സർവേയിൽ യുഡിഎഫിനെ 32.7 ശതമാനം ആളുകൾ അനുകൂലിച്ചു. എല്‍ഡിഎഫിനെ 29.3 ശതമാനം പേരും എൻഡിഎയെ 19.8 ശതമാനം പേരും മറ്റുള്ളവരെ മൂന്ന് ശതമാനം പേരും അനുകൂലിച്ചു.

അതേസമയം എന്‍ഡിടിവി സര്‍വേയില്‍ തന്റെ പേരില്ലാത്തതില്‍ സന്തോഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പണിയുമില്ലാത്ത ചിലരാണ് സർവേ നടത്തുന്നതെന്നും പാര്‍ട്ടി സര്‍വേ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.