'ലക്ഷ്യം മതേതരത്വം, നായാടി മുതൽ നസ്രാണി വരെയുണ്ടാകും '; സുകുമാരൻ നായരുമായി ഉടൻ ചർച്ച നടത്തുമെന്ന് വെള്ളാപ്പള്ളി

Wednesday 21 January 2026 2:39 PM IST

ആലപ്പുഴ: എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്‌ച നടത്തുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്‌എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുഷാർ വെള്ളാപ്പള്ളിയാകും എൻഎസ്‌എസുമായി കൂടിക്കാഴ്‌ച നടത്തുക.

'എസ്‌എൻഡിപി യോഗത്തിന് ഒരു സമുദായത്തോടും വിരോധമില്ല. ലീഗിനെപ്പറ്റിയുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലീം സമുദായത്തോടുള്ള വിദ്വേഷമായി വ്യാഖ്യാനിച്ചു. ഒരിക്കലും മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും സൗഹാർദത്തോടുകൂടി പോകണമെന്ന് ചിന്തിക്കുന്നവരാണ്. ലീഗ് ഭരണത്തിലിരുന്നപ്പോൾ കാട്ടിയ വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടേയുള്ളു.

ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ തന്നെ ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്‌എസ് നേതൃത്വമാണ്. അതിൽ സുകുമാരൻ നായരോട് ഞങ്ങൾക്ക് നന്ദിയുണ്ട്. ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിൽ ഞാൻ കയറി എന്നത് വലിയ തെറ്റായി നിങ്ങൾ പറഞ്ഞല്ലോ. അതിൽ ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ് ആത്മബലം നൽകിയത് അദ്ദേഹമാണ്. എൻഎസ്‌എസുമായുള്ള ചർച്ചകൾക്കായി തുഷാർ വെള്ളപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യനീതിക്കുവേണ്ടിയാണ് ചർച്ച. നായാടി മുതൽ നസ്രാണി വരെയുണ്ടാകും. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കും. അവരെയൊന്നും ഒഴിവാക്കാനാകില്ല. പറ്റിയ തെറ്റുകളെല്ലാം തിരുത്തിക്കൊണ്ടാകും പുതിയ ച‌ർച്ച. എൻഎസ്‌എസും എസ്‌എൻഡിപിയും തമ്മിൽ കൊമ്പുകോർക്കുന്ന പ്രശ്‌നമേ ഇനി ഉണ്ടാകാൻ പോകുന്നില്ല. ചർച്ച എങ്ങനെയാകുമെന്ന് അവിടെ എത്തി ചർച്ച നടത്തിയ ശേഷമേ പറയാൻ കഴിയൂ' - വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.