ആഗോള കടൽപ്പായൽ ഉച്ചകോടി കൊച്ചിയിൽ

Wednesday 21 January 2026 3:31 PM IST

കൊച്ചി: കടൽപ്പായൽ ഉത്പ്പാദനരംഗത്ത് ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽപ്പായൽ എക്‌സ്‌പോയും ഉച്ചകോടിയും 29, 30 തിയതികളിൽ ഹൈക്കോടതിക്ക് സമീപത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടക്കും. കടൽപ്പായൽ ഉത്പന്നങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയും പ്രദർശനവും ഉണ്ടായിരിക്കും.

അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ഫ്രാൻസ്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, മാലിദ്വീപ്, ഇന്തോനേഷ്യ, ശ്രീലങ്ക, ടാൻസാനിയ എന്നിവിടങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. കടൽപ്പായലിന്റെ സാമ്പത്തിക, പോഷകാഹാര, പാരിസ്ഥിതിക സാദ്ധ്യതകൾ വിലയിരുത്താൻ നയതന്ത്രജ്ഞർ, ശാസ്ത്രജ്ഞർ, നിക്ഷേപകർ, സംരംഭകർ എന്നിവരെത്തും. ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ്, സി.എം.എഫ്.ആർ.ഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് പ്രദർശനവും ഉച്ചകോടിയും സംഘടിപ്പിക്കുന്നത്.

ഇന്ത്യയെ ആഗോള കടൽപ്പായൽ സമ്പദ്‌വ്യസ്ഥയുടെ കേന്ദ്രമാക്കാനുള്ള കർമ്മപദ്ധതി രൂപീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു. സംരംഭകർക്കും നിക്ഷേപകർക്കും അന്താരാഷ്ട്ര കമ്പനികളുമായി നേരിട്ട് സംവദിക്കാൻ വേദിയൊരുക്കും.

കടൽപ്പായൽ ഉത്പ്പന്നങ്ങൾ അടുത്തറിയാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കുന്നതാണ് പ്രദർശനം. കടൽപ്പായൽ രുചിക്കൂട്ടുകൾ, ആരോഗ്യ സംരക്ഷണ ഉത്പ്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയവ പ്രദർശിപ്പിക്കും.