'തുഷാർ വെള്ളാപ്പള്ളിയെ മകനെപോലെ സ്വീകരിക്കും, എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നു'
കോട്ടയം: എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെ സ്വാഗതം ചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യമെന്നത് ഉറപ്പാണെന്നും എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.
'എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തങ്ങളുടെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്ത രീതിയിൽ എൻഎസ്എസും എസ്എൻഡിപിയും യോജിച്ചുപോകും. അവർ വരട്ടെ, അവർ വരുമ്പോൾ കാര്യങ്ങൾ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചർച്ച കഴിഞ്ഞിട്ട് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും.
അവിടെ തീരുമാനമെടുത്തിട്ട് പറയും. ഐക്യമെന്നത് ഉറപ്പാണ്. എൻഎസ്എസും എസ്എൻഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവർ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മൾ അത് സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും. എൻഎസ്എസ് - എസ്എൻഡിപി ഐക്യത്തിൽ ആശങ്ക രാഷ്ട്രീയക്കാർക്ക് മാത്രം. തുഷാർ വെള്ളാപ്പള്ളിയെ മകനെപോലെ സ്വീകരിക്കും. പക്ഷേ രാഷ്‌ട്രീയ നേതാവായി പെരുന്നയിലേക്ക് സ്വീകരിക്കില്ല. ശബരിമല സ്വർണക്കൊള്ള കേസിൽ ശക്തമായ നടപടിവേണം. സ്വർണക്കൊള്ളയിൽ തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണം'- സുകുമാരൻ നായർ വ്യക്തമാക്കി.