ഉത്സവത്തിനിടെ നായയുമായി യുവാവിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ആക്രമണം. സംഭവത്തി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഒമാരായ അനീഷ്, നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസ് ജീപ്പും തകർന്നു. അനീഷിന്റെ കാലിനാണ് പരിക്കേറ്റത്.
ഈ മാസം 11ന് പത്തനാപുരം പിടവൂര്‍ പുത്തന്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ പിടവൂർ സ്വദേശി സജീവിനെതിരെ (ദേവൻ) പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. സജീവിന്റെ പിതൃസഹോദര പുത്രനായ ക്ഷേത്രം പ്രസിഡന്റ് ഉണ്ണിയുമായി കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
തന്റെ ജീപ്പിൽ നായയുമായി ക്ഷേത്രത്തിൽ എത്തിയ സജീവ് ഉണ്ണിയുമായി തർക്കത്തിലായി. ഇതോടെ പൊലീസ് സജീവിനോട് സ്ഥലത്ത് നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് കഴിഞ്ഞ് മാരകായുധങ്ങളുമായി ഇയാൾ വീണ്ടുമെത്തി. സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ഉണ്ണിയുടെ രണ്ട് വാഹനങ്ങൾ തകർത്ത സജീവൻ തന്റെ ജീപ്പെടുത്തു പോകാൻ തുടങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. തുടർന്ന് ഇയാൾ പൊലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് ജീപ്പിന്റെ ഒരു വശം പൂർണമായി തകർന്നു. സജീവ് കാപ്പ കേസിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.