'ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചു, അറസ്റ്റ് എന്തിന് വൈകിച്ചു'; ആരോപണവുമായി ദീപക്കിന്റെ കുടുംബം

Wednesday 21 January 2026 5:45 PM IST

കോഴിക്കോട്: ഷിംജിത മുസ്‌തഫയെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ പ്രതികരിച്ച് ആത്മഹത്യ ചെയ്‌‌ത ദീപക്കിന്റെ കുടുംബം. പൊലീസിനെതിരെ കുടുംബം നേരത്തേ വിമർശനം ഉന്നയിക്കുന്നുണ്ടായിരുന്നു. ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച കുടുംബം സ്‌ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും ചോദിച്ചു.

ഷിംജിതയെ പൊലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിനെന്നും യുവതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം ചോദിച്ചു. അറസ്റ്റ് വൈകിയതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഒരു പ്രതിക്ക് ഇത്രയേറെ സംരക്ഷണം ഒരുക്കുന്നതെന്തിനെന്നും ദീപക്കിന്റെ കുടുംബം ചോദിക്കുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ​യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്‌തത്. ഷിംജിത മുസ്‌തഫയ്‌ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാകുന്നത്. നിലവിൽ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. മഞ്ചേരി ജയിലിലേക്കാണ് യുവതിയെ മാറ്റുക.