കുറ്റം തെളിഞ്ഞാല്‍ ഷിംജിത എത്രവര്‍ഷം അഴിയെണ്ണും; നിയമത്തില്‍ പറയുന്നത് ഇങ്ങനെ
കോഴിക്കോട്: ലൈംഗിക അതിക്രമ ആരോപണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മഞ്ചേരി ജയിലിലേക്കാണ് പ്രതിയെ മാറ്റുക. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാകുന്നത്. നിലവില്‍ ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്തത്.
ഷിംജിത മുസ്തഫയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലായത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ഷിംജിതയ്ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.
പയ്യന്നൂരിലെ അല്‍ അമീന്‍ എന്ന സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി ഷിംജിത മുസ്തഫ ഇന്‍സ്റ്റഗ്രാമിലിട്ട് ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്. സംഭവം നടന്ന സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ദീപക്കിന്റെയും ഷിംജിതയുടേയും ദൃശ്യം വ്യക്തമല്ല. യുവതി ഇന്‍സ്റ്റഗ്രാമിലിട്ട ദൃശ്യത്തിന്റെ പൂര്‍ണ ഭാഗം വീണ്ടെടുക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതില്‍ എഡിറ്റിംഗ് നടന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്.