യു.ഡി.എഫ് അധികാരത്തിൽ വരും, സി.പി.എം ഇടതു പാർട്ടിയല്ല; കമ്യൂണിസ്റ്റുമല്ല

Thursday 22 January 2026 12:20 AM IST

കെ.കെ.രമ എം.എൽ.എ

(ആർ.എം.പി.ഐ)

?​ തീവ്ര ഇടതുപക്ഷമായി രൂപംകൊണ്ട ആർ.എം.പി.ഐ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലാണല്ലോ...

 ആർ.എം.പി.ഐ യു.ഡി.എഫ് ഘടകകക്ഷിയല്ല. വടകരയിൽ മത്സരിച്ചപ്പോൾ യു.ഡി.എഫ് പിന്തുണച്ചു. പിന്നെ സി.പി.എമ്മിന്റെ കാര്യം. അവർ ഇടതുപക്ഷ പാർട്ടിയാണോ?​ അല്ലെങ്കിൽ കമ്യൂണിസ്റ്റ് ആദർശത്തിൽ വിശ്വസിക്കുന്നവരാണോ?​ അങ്ങനെയെങ്കിൽ മതവും ജാതിയും പറഞ്ഞ് വോട്ട് പിടിക്കാനാവുമോ?​ ആദർശങ്ങളിൽ നിന്ന് വഴിമാറിയത് ഞങ്ങളല്ല; അവരാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് ആദർശത്തിൽ അടിയുറച്ചാണ് ഞങ്ങളുടെ നിലപാട്.

?​ സി.പി.എമ്മും ഇടതുപക്ഷവും കേരളത്തിൽ ദുർബലമാണെന്നാണോ.

 എന്താണ് സംശയം?​ ഓരോ തിരഞ്ഞെടുപ്പിലും ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും അതുപറഞ്ഞ് വോട്ടുപിടിക്കുകയും ചെയ്യുന്നത് കേരളത്തിൽ ഇടതുപക്ഷമല്ലേ- വിശേഷിച്ച് സി.പി.എം?​ ഇപ്പോൾ അവരുടെ നേതാക്കൾ നടത്തുന്ന വർഗീയ പ്രചാരണം അതിനു തെളിവല്ലേ?​ ഇതുവരെ കമ്യൂണിസ്റ്റുകാരെന്ന് പറയുന്ന ഏതെങ്കിലും ഒരു നേതാവ് ഇത്തരം പ്രസ്താവനകളെ തള്ളിപ്പറഞ്ഞോ?​ എ.കെ.ബാലനും സജി ചെറിയാനും അവരുടെ മുഖങ്ങളല്ലേ? സി.പി.എം ലക്ഷ്യംവയ്ക്കുന്നത് ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയമാണ്. അത് ബി.ജെ.പി നടത്താൻ ഉദ്ദേശിക്കുന്നതിനേക്കാൾ വേഗത്തിൽ സി.പി.എം നടപ്പിലാക്കുന്നു എന്നു മാത്രം.

?​ ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വരുമോ.

 കേരളത്തിൽ ആർക്കും അതിൽ സംശയമില്ല. കാരണം,​ കഴിഞ്ഞ പത്തുവർഷമായി കേരളം ഭരിക്കുന്ന ഇടത് സർക്കാരിന്റെ ദുർഭരണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. അഴിമതി, കെടുകാര്യസ്ഥത, വികസന മുരടിപ്പ്, സ്വജനപക്ഷപാതം...ഇതല്ലേ അവരുടെ മുഖമുദ്ര?​ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. പി.എസ്.സി നിയമനം പോലും നടക്കാതെ സമ്പൂർണ നിയമന നിരോധനമാണ്. കരാറുകാർക്ക് പണം കൊടുക്കാത്തതിനാൽ എം.എൽ.എ ഫണ്ട് പോലും വിനിയോഗിക്കാനാവാത്ത അവസ്ഥ. സാധാരണക്കാരനിലേക്ക് എന്ത് വികസനമാണ് എത്തിയത്?​ ഇതെല്ലാം ജനം കാണുന്നുണ്ട്. അതെല്ലാം യി.ഡി.എഫിന് അനുകൂല തരംഗമാവും.

?​ ശബരിമല സ്വർണക്കൊള്ളയിൽ നേതാക്കൾ ഒന്നൊന്നായി ജയിലിലേക്ക് പോവുകയാണല്ലോ...

 ഇപ്പോൾ പിടിക്കപ്പെട്ടതിനേക്കാൾ വലിയ സ്രാവുകൾ ഇനി വലയിലാകും. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇത്രയും നടന്നത്. അയ്യപ്പന്റെ സ്വർണം കൊള്ള ചെയ്‌തെന്നതു മാത്രമല്ല കുറ്റം. ഇത്രയും കാലം ഈ തീവെട്ടിക്കൊള്ള നടക്കുമ്പോൾ സി.പി.എമ്മും സർക്കാരും മിണ്ടാതിരുന്നു. ഇതൊന്നും അറിയാഞ്ഞിട്ടാണോ?​ അല്ല. ഇതൊന്നും ഒരുകാലത്തും വെളിച്ചത്തു വരില്ലെന്ന് അവർ കരുതി.

?​ സി.പി.എമ്മിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവുമോ.

 എന്തിന് തിരിച്ചുപോകണം?​ അത്തരമൊരു ചിന്തയും ഉദിക്കുന്നില്ല. കാരണം സി.പി.എം ഇപ്പോൾ ഇടതുപക്ഷ പാർട്ടിയേ അല്ലാതായി. എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും വെട്ടിവീഴ്ത്തുന്നൊരു സംവിധാനത്തിൽ പോകുന്നതിനേക്കാൾ നല്ലത് സ്വതന്ത്ര നിലപാടുമായി നല്ല കമ്മ്യൂണിസ്റ്റുകളായി നിലനിൽക്കുന്നതാണ്.

?​ ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ടോ.

 സീറ്റ് ചോദിക്കാൻ ഞങ്ങൾ യു.ഡി.എഫ് ഘടകക്ഷിയല്ല. പാർട്ടി ആലോചിക്കുന്നത് മൂന്ന് സീറ്റുകളിൽ മത്സരിക്കാനാണ്. വടകരയ്ക്കു പുറമേ നാദാപുരവും കുന്ദംകുളവുമാണ് മത്സരിക്കാൻ ആഗ്രഹമുള്ള മണ്ഡലങ്ങൾ. ഈ സീറ്റുകളിൽ യു.ഡി.എഫ് പിന്തുണ തേടും. മറ്റു കാര്യങ്ങൾ പാർട്ടി സെക്രട്ടറി പറയും.

?​ കെ.കെ.രമ വടകരയിൽ ഇത്തവണയും മത്സരിക്കില്ലേ.

 കെ.കെ.രമയല്ല, പാർട്ടി മത്സരിക്കും. സ്ഥാനാർത്ഥി ആരാണെന്ന് പാർട്ടി തീരുമാനിക്കും. ആരായാലും മത്സരിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ തന്നെയാവും.