ബൈക്ക് മോഷണം, രണ്ടുപേർ പിടിയിൽ
കാക്കനാട്: കാക്കനാട് തുതിയൂർ രാമകൃഷ്ണൻ നഗറിന് സമീപമുള്ള വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച കാപ്പ കേസ് പ്രതിയടക്കം രണ്ടുപേരെ തൃക്കാക്കര പൊലീസ് പിടികൂടി. ഇരാറ്റുപേട്ട സ്വദേശി ഫിറോസ് (30),പള്ളുരുത്തി സ്വദേശി ടോണി ജോർജ്ജ് (31)എന്നിവരാണ് പിടിയിലായത്. 13നായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ പരാതിക്കാരൻ,തുതിയൂർ രാമകൃഷ്ണ നഗറിലുള്ള സുഹൃത്തിന്റെ വാടക വീടിന് മുന്നിൽ വച്ചിരുന്ന KL-66-C-3492 നമ്പറിലുള്ള വാഹനമാണ് പ്രതികൾ മോഷ്ടിച്ചത്.ബൈക്ക് കാണാതായതിനെ തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരാറ്റുപേട്ട സ്വദേശിയായ ഫിറോസിനെ തിരിച്ചറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളും കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളുമാണ്. തുടർന്ന് നടത്തിയ പരിശോധനയിൽ ഫിറോസിനെയും കൂട്ടുപ്രതി ടോണി ജോർജ്ജിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ ഉപയോഗിച്ചാണ് ഇവർ കറങ്ങി നടന്നിരുന്നത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ.സുധീറിന്റെ നിർദ്ദേശാനുസരണം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ വി.ബി.അനസ്, സി.പി.ഒ.സുജിത്ത് ഗുജറാൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.