കത്തിക്കയറി അഭിഷേക് ശര്‍മ്മ; നാഗ്പൂര്‍ ട്വന്റി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Wednesday 21 January 2026 8:55 PM IST

നാഗ്പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്. 35 പന്തുകളില്‍ നിന്ന് 84 റണ്‍സ് നേടി തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി കുറിച്ച അഭിഷേക് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ച് ബൗണ്ടറികളും എട്ട് സിക്‌സറുകളുമാണ് ഇന്ത്യന്‍ ഓപ്പണര്‍ വിസിഎ സ്റ്റേഡിയത്തില്‍ അടിച്ച് കൂട്ടിയത്.

മലയാളി താരം സഞ്ജു സാംസണ്‍ 10(7) ആണ് ആദ്യം പുറത്തായത്. മൂന്നാമനായി എത്തിയ ഇഷാന്‍ കിഷനും 8(5) പെട്ടെന്ന് മടങ്ങി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 32(22) അഭിഷേകുമൊത്ത് 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സാന്റ്‌നറുടെ പന്തില്‍ സ്‌കൈ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന ഹാര്‍ദിക് പാണ്ഡ്യ 25(16) റണ്‍സ് നേടിയപ്പോള്‍ ശിവം ദൂബെ 9(4), അക്‌സര്‍ പട്ടേല്‍ 5(5) എന്നിവര്‍ നിരാശപ്പെടുത്തി.

അവസാന ഓവറുകളില്‍ കത്തിക്കയറിയ റിങ്കു സിംഗ് 44*(20) ടീമിന് മികച്ച ഫിനിഷ് സമ്മാനിക്കുകയും ചെയ്തു. നാല് ഫോറും മൂന്ന് സിക്‌സുമാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അര്‍ഷ്ദീപ് സിംഗ് 6*(6) പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി ജേക്കബ് ഡഫി, കൈല്‍ ജാമിസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, ഇഷ് സോദി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.