ദീപക്കിന്റെ ആത്മഹത്യ: ദൃശ്യം പ്രചരിപ്പിച്ച ഷിംജിത റിമാൻഡിൽ
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം കാട്ടിയെന്നാരോപിച്ചുള്ള ദൃശ്യം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവതി റിമാൻഡിൽ. വീഡിയോ പോസ്റ്റുചെയ്‌ത വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയാണ് (35) പിടിയിലായത്. വടകര മുട്ടുങ്ങൽ വെസ്റ്റിലെ സഹോദരിയുടെ വീട്ടിൽ ഒളിവിലായിരുന്ന ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് ശേഷമാണ് ഷിംജിതയെ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹജരാക്കിയത്. തുടർന്നാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി വനിതാ ജയിലിലേക്കയച്ചത്
ദീപക്കിന്റെ മാതാവിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ഷിംജിത ഒളിവിൽ പോയത്. ഇന്നലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി. വിദേശബന്ധമുള്ളതിനാൽ ഇവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസുമിറക്കിയിരുന്നു. വടകരയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റിലായത്.
ഷിംജിത പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചതായി പൊലീസ് കണ്ടെത്തി. ബസിലെ സി.സി ടിവി ദൃശ്യങ്ങളും ശേഖരിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഷിംജിതയ്ക്കെതിരേ ഐ.ടി ആക്ടും മറ്റ് വകുപ്പുകളും ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യന്നൂരിൽ ബസ് യാത്രയ്ക്കിടെ ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
അതേസമയം ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് അതീവ രഹസ്യമായി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യവാഹനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. 10 മിനിട്ടിനുള്ളിൽ കൊയിലാണ്ടിയിൽ നിന്ന് പൊലീസ് വാഹനത്തിൽ കുന്ദമംഗലം കോടതിയിലെത്തിച്ചു. കോടതിയിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തി. അതേസമയം,പർദ്ദയും മാസ്‌കും ധരിച്ചെത്തിയ ഷിംജിതയെ ആളുകൾ തിരിച്ചറിഞ്ഞിരുന്നില്ല. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് വിവരം പുറത്ത് വന്നത്.