പഴശ്ശി പാർക്കിൽ പൂത്തുലഞ്ഞ് സൂര്യകാന്തി

Thursday 22 January 2026 12:42 AM IST
പഴശ്ശി പാർക്കിൽ സൂര്യകാന്തി പൂത്തപ്പോൾ

മാനന്തവാടി: കബനിയുടെ തീരത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള പഴശ്ശി പാർക്കിൽ ദൃശ്യ വിരുന്നൊരുക്കി സൂര്യകാന്തി വിരിഞ്ഞു. കർണ്ണാടകയിൽ നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് ഇനത്തിൽ പെട്ട വിത്ത് ഉപയോഗിച്ചാണ് 65 ദിവസം കൊണ്ട് ചെടികൾ നട്ട് വളർത്തിയത്. പാർക്കിലെ ജീവനക്കാരൻ ജോളി ജോസിന്റെ നേതൃത്വത്തിൽ ജീവനക്കാരാണ് പരിപാലനവും സംരക്ഷണവും. ചെണ്ടുമല്ലി, ജമന്തി, സീനിയ, റോസ് ഗാർഡൻ, ചൈനീസ് ബോൾ, വാടാർ മല്ലി, ചെണ്ടുമല്ലി മിനിയേച്ചർ എന്നിവയും പാർക്കിന് അഴകേകുകയാണ്. കുട്ടികൾക്കായുള്ള വിനോദ ഉപകരണങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികളാണ് പാർക്കിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സൂര്യകാന്തി പൂത്തുനിൽക്കുന്നത് വിനോദ സഞ്ചാരികൾക്കും വേറിട്ട കാഴ്ചയൊരുക്കുകയാണ്. കർണ്ണാടകയിലും മറ്റും സൂര്യകാന്തി ഓണക്കാലത്ത് പൂത്തിരുന്നു. സൂര്യകാന്തി ചെടികളൊടൊപ്പം ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ് സഞ്ചാരികളും. ക്രിസ്തുമസ് പുതുവത്സര അവധിക്കാലമായ ഡിസംബർ 23 മുതൽ ജനുവരി ഒന്നുവരെ 10,560 പേർ പാർക്ക് സന്ദർശിച്ചു. 3,62,900 രൂപ വരുമാനമായി ഡി.ടി.പി.സിക്ക് ലഭിച്ചു. സൂര്യകാന്തി പൂത്തതോടെ കൂടുതൽ ആളുകൾ പാർക്ക് സന്ദർശിക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി അധികൃതർ