6 ശതമാനം ഡി.എ: ഉത്തരവിറങ്ങിയില്ല

Thursday 22 January 2026 12:00 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ ജീവനക്കാർക്ക്

ഡി.എ കുടിശിക അനുവദിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയില്ല. 29ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ പ്രഖ്യാപിക്കണോ, അതിനുമുമ്പ് പ്രത്യേക പ്രഖ്യാപനമായി വേണോ എന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് കാരണമെന്നാണ് സൂചന.

രണ്ടു ഗഡു ഡി.എ കുടിശികയായി 6% അനുവദിക്കാനായിരുന്നു തീരുമാനം. 2023 ജൂലായ്, 2024 ജനുവരി മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്തയാണ് അനുവദിക്കുന്നത്. ഡിസംബർ 31ന് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ക്ഷാമബത്ത അനുവദിക്കാനുള്ള ഫയൽ ധനമന്ത്രിക്ക് കൈമാറിയിരുന്നു. പരിശോധനയ്ക്കായി അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ ഫയൽ ജനുവരി 5ന് തിരിച്ചെത്തിയെങ്കിലും ധനമന്ത്രി ഇതുവരെ ഒപ്പിട്ടിട്ടില്ല.

നിലവിൽ 6 ഗഡുക്കളായി 15 ശതമാനം ഡി.എ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഇതിൽ ആദ്യത്തെ രണ്ട് ഗഡുക്കൾ അനുവദിക്കാനുള്ള ശുപാർശയിലാണ് ഉത്തരവിറങ്ങാത്തത്. അത് ലഭിച്ചാൽ കുടിശിക നാലുഗഡുക്കളായി 9% ആയി കുറയും.