പുതിയ പദ്ധതിക്ക് ആലോചന: ആർ.സി.സിയിൽ പെൻഷൻ നിലയ്ക്കുമെന്ന് ആശങ്ക

Thursday 22 January 2026 12:00 AM IST

തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള ആലോചനകളിൽ, വിരമിച്ച ജീവനക്കാർ ആശങ്കയിൽ. നിലവിലുള്ള പെൻഷൻ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി ആർ.സി.സി പെൻഷനേഴ്സ് അസോസിയേഷൻ രംഗത്തെത്തി.

എൽ.ഐ.സിയുമായി ചേർന്ന് പുതിയ പദ്ധതിക്ക് ആലോചന നടക്കുന്നതിന്റെ മറവിൽ

നിലവിലെ പദ്ധതിയിൽ നിന്ന് പരമാവധി ആളുകളെ പിൻമാറാൻ അധികൃതർ പ്രേരിപ്പിക്കുന്നതായാണ് ആക്ഷേപം. അടച്ച വിഹിതം പലിശ സഹിതം നൽകാണെന്ന വാഗ്ദാനം ഉൾപ്പെടെ ഇതിനായി മുന്നോട്ടു വച്ചിട്ടുണ്ട്. നിലവിലുള്ളതിൽ തുടരാനാണ് തീരുമാനമെങ്കിൽ അതിന്റെ റിസ്‌ക് സ്വന്തമായി ഏറ്റെടുക്കുന്നതായി സത്യവാംഗ്മൂലം ഒപ്പിട്ടു നൽകണമെന്ന വ്യവസ്ഥ നടപ്പാക്കാനാണ് നീക്കം.

2011ൽ വി.എസ് സർക്കാരാണ് ആർ.സി.സിയിൽ പങ്കാളിത്തപെൻഷൻ അനുവദിച്ചത്. അതും 2013 മേയ് 31വരെ സർവീസിൽ പ്രവേശിച്ചവർക്ക് മാത്രം 634 പേരിൽ 439 പേർ സ്കീമിന്റെ ഭാഗമായി. ശമ്പളത്തിന്റെ 10ശതമാനവും സ്ഥാപനത്തിന്റെ 5ശതമാനവുമാണ് വിഹിതം. 2013ൽ ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയുടെ റൂൾ അംഗീകരിച്ച് 34 കോടിരൂപ കോർപ്പസ് ഫണ്ടായി അനുവദിച്ചു. 2015ൽ പെൻഷൻ നൽകിത്തുടങ്ങി. 2020ൽ ഒന്നാം പിണറായി സർക്കാർ ആർ.സി.സിയിലെ എല്ലാ ജീവനക്കാർക്കുമായി പങ്കാളിത്ത പെൻഷൻ വിപുലീകരിച്ചു. ഇതോടെ പിൽക്കാലത്ത് സർവീസിലെത്തിലെത്തിയവരും പെൻഷന്റെ പരിധിയിലായി.ഇതോടെ എല്ലാവരിൽ നിന്നും വിഹിതം പിടിച്ചു. ഇതിനെതിരായി ഒരുവിഭാഗം ജീവനക്കാർ കോടതിയിലെത്തിയതോടെ പരാതിയുള്ളവരിൽനിന്ന് വിഹിതം പിടിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.335 പേരാണ് നിലവിൽ പദ്ധതിയിലുള്ളത്.

റേഡിയേഷൻ ഏൽക്കുന്നതിനാൽ ജീവനക്കാരിൽ 20ശതമാനം ക്യാൻസർ രോഗികളാകുന്നു.ഇ.പി.എഫോ,സർക്കാരിന്റെ മെഡിസെപ് ഉൾപ്പെടെയുള്ള പദ്ധതികളോ ആർ.സി.സിയിൽ ബാധകമല്ല. ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സാ ആനുകൂല്യങ്ങളുമില്ല.

ആകെ ജീവനക്കാർ......857

ഡോക്ടർമാർ..................110

മറ്റുള്ളവർ..747

ആകെ പെൻഷൻ വാങ്ങുന്നവർ...193

ഡോക്ടർമാർ.........30

മറ്റുള്ളവർ.............163