വിമർശിച്ച് സുപ്രീംകോടതി കോർപ്പറേറ്റുകൾക്ക് പരിരക്ഷ കിട്ടുന്നത് എന്തുതരം ഭൂപരിഷ്കരണം കേരളത്തിൽ സോഷ്യലിസം 'അതിതീവ്ര'മെന്നും പരിഹാസം
ന്യൂഡൽഹി: കേരളത്തിൽ ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള സംരക്ഷണം വൻകിട കോർപ്പറേറ്റുകൾക്ക് ലഭിക്കുന്നതിനെ വിമർശിച്ച് സുപ്രീംകോടതി. കാർഷിക ഭൂമിക്ക് സംരക്ഷണം നൽകുന്നത് മനസിലാക്കാം. എന്നാൽ, വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഭൂമികൾക്കും പരിരക്ഷ നൽകുന്നത് എന്തുതരം ഭൂപരിഷ്‌കരണമാണ്. അതുകൊണ്ട് കേരളത്തിൽ സോഷ്യലിസം 'അതിതീവ്ര'മാണെന്ന് പറയേണ്ടി വരുമെന്നും കോടതി പരിഹസിച്ചു.
കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 106-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശനം. വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കായി പാട്ടത്തിനെടുത്ത ഭൂമിയിൽ 1967 മേയ് 20ന് മുൻപ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിൽ, കുടിയൊഴിപ്പക്കലിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് 106ാം വകുപ്പ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസിലാണ് കോടതി പരാമർശം.
എറണാകുളത്തെ ഏലംകുളം വില്ലേജിലെ 20 സെന്റ് ഭൂമി സംബന്ധിച്ച് ഉടമയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായുള്ള തർക്കമാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. ഭൂമി കമ്പനിക്ക് പെട്രോൾ പമ്പ് നടത്താൻ ഡീലർ മുഖേന പാട്ടത്തിന് കൊടുത്തിരുന്നു. പാട്ടക്കരാർ അവസാനിച്ചതിനുശേഷം ഭൂമി തിരികെകിട്ടാൻ ഉടമ 1994ൽ സിവിൽ കേസ് നൽകി.
1967ന് മുൻപ് നിർമ്മിച്ച കെട്ടിടമാണെന്നും, കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 106ന്റെ സംരക്ഷണം ലഭിക്കാൻ അർഹതയുണ്ടെന്നുമുള്ള ഓയിൽ കമ്പനിയുടെ വാദം എറണാകുളത്തെ സിവിൽ കോടതി അംഗീകരിച്ചെങ്കിലും ഹൈക്കോടതി ഉടമയ്‌ക്ക് അനുകൂലമായി നിലപാടെടുത്തു. ഇതോടെ കമ്പനി സുപ്രീംകോടതിയെ സമീപിച്ചു.
106ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കാൻ കമ്പനിക്ക് അർഹതയില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. ഉടമ മരിച്ച സാഹചര്യത്തിൽ, ആറുമാസത്തിനകം ഭൂമി അവകാശികൾക്ക് കൈമാറണം. വാടക കുടിശികയുണ്ടെങ്കിൽ കൊടുത്തു തീർക്കണമെന്നും ഉത്തരവിട്ടു.