കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്ത്

Wednesday 21 January 2026 11:17 PM IST

റാന്നി : ശബരിമല മകരവിളക്ക് മഹോത്സാവത്തിനു ശേഷം മടങ്ങുന്ന തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് റാന്നി പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം. ശബരിമല അയ്യപ്പസ്വാമിയുടെ മൂലസ്ഥാനമെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിൽ ഇന്നലെ നടന്ന തിരുവാഭരണം ചാർത്ത് മഹോത്സവത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കുചേർന്നു.

നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പനെ തിരുവാഭരണ വിഭൂഷിതനായി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ദർശിക്കാൻ സാധിക്കുന്ന ഏക ക്ഷേത്രമെന്ന പ്രത്യേകത പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിനുണ്ട്. ഈ അപൂർവദർശനപുണ്യത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

പുലർച്ചെ 4.45ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. അഷ്ടാഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, ഭാഗവതപാരായണം എന്നിവ നടന്നു.രാവിലെ 9 മണിയോടെ മഠത്തുംമൂഴി സ്രാമ്പിക്കൽ പടിക്കൽ നിന്ന് വാദ്യമേളങ്ങളുടെയും ശരണഘോഷത്തിന്റെയും അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ഉച്ചയ്ക്ക് 11.30 ഓടെ അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി. തുടർന്ന് സർവാഭരണ വിഭൂഷിതനായ സ്വാമിയെ ദർശിക്കാൻ ഭക്തർക്ക് അവസരമൊരുങ്ങി.

മടക്കയാത്ര പന്തളത്തേക്ക്

ഇന്ന് പുലർച്ചെ പെരുനാട് നിന്ന് ഘോഷയാത്ര പുറപ്പെടും. വടശ്ശേരിക്കര, റാന്നി വഴി നീങ്ങുന്ന സംഘം രാത്രിയോടെ മണികണ്ഠൻ ആൽത്തറയിൽ എത്തും. 23 ന് പുലർച്ചെ ഘോഷയാത്ര പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിലെ പ്രതിനിധി ഏറ്റുവാങ്ങി സ്ട്രോംഗ് റൂമിലേക്ക് മാറ്റും