പട്ടയ ഭൂമിയിലെ നിർമ്മാണം ക്രമപ്പെടുത്താൻ പോർട്ടൽ അപേക്ഷകൾ നൽകാം
തിരുവനന്തപുരം: പട്ടയഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്താനുള്ള ഭൂപതിവ് നിയമഭേദഗതി പ്രകാരം അപേക്ഷ നൽകാനുള്ള പോർട്ടൽ 'ക്ളാർക് ' (klarc) പ്രവർത്തന സജ്ജമായി. klarc.kerala.gov.in എന്ന സൈറ്റിൽ സിറ്റിസൺ ലോഗിൻ ചെയ്താണ് അപേക്ഷ നൽകേണ്ടത്. ഫോം എ, ബി അപേക്ഷകൾക്ക് 10 രൂപയും ഫോം ഡിക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.
പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതാണ് ചട്ട ഭേദഗതി. വിവിധ ജില്ലകളിലായി നൂറുകണക്കിന് നിർമ്മാണങ്ങൾ ഇതോടെ ക്രമവത്കരിക്കപ്പെടും. വീട് നിർമ്മിക്കാനും കൃഷി ആവശ്യത്തിനുമായാണ് ഭൂരിഭാഗം പട്ടയങ്ങളും നൽകിയിട്ടുള്ളത്. അതിനാൽ 95% കെട്ടിടങ്ങൾക്കും ക്രമീകരണം വേണ്ടിവരില്ല. ക്രമീകരണത്തിനായി പുതിയ ഓഫീസുകൾ ആരംഭിക്കാനും റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വെബ്സൈറ്റിൽ അപേക്ഷകന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത് പോർട്ടലിൽ ലോഗിൻ ചെയ്യാം. അപേക്ഷകന്റെ പേരും കൃത്യമായ വിലാസവും രേഖപ്പെടുത്തണം. ക്രമപ്പെടുത്തേണ്ട നിർമ്മാണത്തിന്റെ സ്വഭാവമനുസരിച്ച് മൂന്ന് ഫോമുകളിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. തുടർന്ന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
1.ഫോം എ- ഗാർഹിക കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ. പട്ടയം ലഭിച്ച ഭൂമി നിശ്ചിത കാലയളവിനുള്ളിൽ കൈമാറാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ അത് ക്രമപ്പെടുത്താൻ. പ്രത്യേക ഉദ്ദേശ്യത്തോടെ പട്ടയം നൽകിയ ഭൂമി, അതിൽനിന്നു മാറിയുളള ആവശ്യത്തിന് വിനിയോഗിച്ചത് ക്രമപ്പെടുത്താൻ
2.ഫോം ബി- പൊതുമേഖലാ സ്ഥാപനങ്ങൾക്കോ, വിദ്യാലയങ്ങൾക്കോ അതുപോലുള്ള മറ്റ് സ്ഥാപനങ്ങൾക്കോ നൽകിയ ഭൂമി, അതുപാലിക്കാതെ മറ്റുകാര്യങ്ങൾക്ക് ഉപയോഗിച്ചത് ക്രമപ്പെടുത്താൻ
3.ഫോം ഡി: എയിലും ബിയിലും ഉൾപ്പെടാത്ത വ്യവസ്ഥാ ലംഘനങ്ങൾ ക്രമപ്പെടുത്താൻ
ക്രമവത്കരണത്തിന് ഫീസ്
3000 ചതുരശ്രഅടി വരെയുള്ള കെട്ടിടത്തിന് ഫീസില്ല. കാർഷിക ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കും ഫീസില്ല
വിനോദസഞ്ചാര ആവശ്യത്തിനുള്ള ഭൂമിക്ക് ന്യായവിലയുടെ അഞ്ച് ശതമാനം ഫീസ്
സ്വകാര്യ ആശുപത്രികൾക്ക് 3000 ചതുരശ്രഅടിക്ക് മുകളിലാണെങ്കിൽ ന്യായവിലയുടെ 10%
വിദ്യാലയം, സാംസ്‌കാരിക സ്ഥാപനങ്ങളുടെ കെട്ടിടം, രാഷ്ട്രീയ പാർട്ടി മന്ദിരം, സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് ന്യായവിലയുടെ ഒരു ശതമാനം