ക്രിസ്മസ് പുതുവത്സര ബമ്പർ: ടിക്കറ്റ് വില്പന റെക്കാഡിലേക്ക് നറുക്കെടുപ്പ് 24ന്
തിരുവനന്തപുരം: നറുക്കെടുപ്പിന് രണ്ടുദിവസങ്ങൾ മാത്രം ശേഷിക്കെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ വില്പന ഇന്നലെ 51.66ലക്ഷത്തിലെത്തി. മുൻ വർഷം 47.65ലക്ഷമായിരുന്നു. 20കോടിയാണ് സമ്മാനത്തുക. അച്ചടിച്ചത് 55ലക്ഷം ടിക്കറ്റുകൾ. 400 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റിന്റെ നറുക്കെടുപ്പ് 24ന് ഉച്ചയ്ക്ക് 2ന് ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വേദിയിൽ നടക്കും.
ഇതുവരെ ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. 12.20ലക്ഷം ടിക്കറ്റുകൾ. രണ്ടാം സ്ഥാനത്ത് തൃശൂർ(5.44ലക്ഷം). തിരുവനന്തപുരത്ത് 5.15ലക്ഷവും കൊല്ലത്ത് 3.34ലക്ഷവും കണ്ണൂരിൽ 3.11ലക്ഷവുമാണ് വില്പന. അതേസമയം,ഇത്തവണ ആകർഷകമായ സമ്മാനഘടനയാണ് പുതുവത്സര ബമ്പറിലുള്ളത്. 20കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമേ 20 പേർക്ക് ഓരോ കോടിവീതം രണ്ടാംസമ്മാനവുമുണ്ട്. കൂടാതെ 20 പേർക്ക് 10ലക്ഷം വീതം മൂന്നാം സമ്മാനവും 3ലക്ഷം വീതം നാലാം സമ്മാനവും 2ലക്ഷം വീതം അഞ്ചാംസമ്മാനവും കിട്ടും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒമ്പത് സീരീസിനായി ഒരു ലക്ഷം വീതമുള്ള ഒമ്പത് സമാശ്വാസ സമ്മാനങ്ങളുമുണ്ട്. ആകെ 6,21,990 സമ്മാനങ്ങളാണ്.