2026ലെ ആദ്യ മൂന്ന് ആഴ്ച നല്‍കുന്ന സൂചനയെന്ത്? ഒറ്റ ദിവസം കൊണ്ട് സംഭവിച്ചത് ചരിത്രത്തിലില്ലാത്ത കാര്യം

Thursday 22 January 2026 12:05 AM IST

കൊച്ചി: രണ്ടാംദിനവും 'കയറ്റിറക്ക' ട്രെന്‍ഡുമായി സ്വര്‍ണവിപണി. ഒറ്റദിനത്തില്‍ റെക്കാഡ് വര്‍ദ്ധനവ് രേഖപ്പെടുത്തി സ്വര്‍ണത്തിന്റെ തേരോട്ടം തുടരുകയാണ്. ഇന്നലെ രണ്ട് തവണയായി 5,480 രൂപയാണ് പവന് വില വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 4844 ഡോളറിലേക്ക് ഉയര്‍ന്നതോടെ സംസ്ഥാനത്ത് പവന് റെക്കാഡ് വില 1,15,320 രൂപ രേഖപ്പെടുത്തി. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതിനെ തുടര്‍ന്ന് വൈകിട്ടോടെ ഗ്രാമിന് 60 രൂപയും പവന് 480 രൂപ കുറഞ്ഞ്, 14355 രൂപയിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ജി.എസ്.ടിയും പണിക്കൂലിയും ഉള്‍പ്പെടെ 1, 25000 രൂപയെങ്കിലും നല്‍കേണ്ടി വരും.

അധിക തീരുവ ഭീഷണിയിലും

സുരക്ഷിത നിക്ഷേപമെന്ന കരുത്ത്

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ വാക്കുകളാണ് നിക്ഷേപകരെ ആഗോളതലത്തില്‍ സ്വര്‍ണമെന്ന സുരക്ഷിതനിക്ഷേപത്തിലേക്ക് അടുപ്പിക്കുന്നത്. ഗ്രീന്‍ലാന്‍ഡില്‍ അമേരിക്ക ആധിപത്യം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളിന്‍മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി നിക്ഷേപകരെ ആശങ്കയിലാഴ്ത്തുകയാണ്. എന്നാല്‍, സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയിലായതിനാല്‍ അടുത്ത ദിവസങ്ങളില്‍ വിപണിയില്‍ ലാഭമെടുപ്പ് നടന്നേക്കാമെന്നും വില കുറഞ്ഞേക്കാമെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അന്താരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവ്

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്

ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട് ട്രംപിന്റെ തീരുവഭീഷണി

അന്താരാഷ്ട്ര സ്വര്‍ണവില 5000 ഡോളറിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ചെറിയൊരു തിരുത്തലിന് സാദ്ധ്യതയുണ്ട്. ഉയര്‍ന്ന വിലയില്‍ വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്താല്‍ വിലയില്‍ 100 മുതല്‍ 150 ഡോളറിന്റെ തിരുത്തല്‍ പ്രതീക്ഷിക്കാം. -

അഡ്വ. എസ്.അബ്ദുല്‍ നാസര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍