സംസ്ഥാനത്ത് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കാഡ്, പ്രിയപ്പെട്ട ഇടം ഇടുക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാരികളുടെ എണ്ണം സർവകാല റെക്കാഡിലേക്ക്. 2025 ജനുവരി മുതൽ ജൂൺ വരെ 1.23 കോടി വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ചു. അതിൽ 1.19 കോടി പേർ ആഭ്യന്തര സഞ്ചാരികളും 3,83,000 പേർ വിദേശികളും.
പ്രധാനമായും വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇടുക്കിയിലെ മൂന്നാറാണ്. ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം കൂടിയാണിത്. 21,79,566 ആഭ്യന്തര സഞ്ചാരികൾ ഇവിടെയെത്തി. രണ്ടാം സ്ഥാനത്ത് എറണാകുളം(21,30,040) മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം(2,10,227).
അതേസമയം,ഉത്തരേന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് വർദ്ധനവുണ്ടായത്. മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത് എത്തുന്നവർക്ക് പുറമേ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനായി മൂന്നാർ തിരഞ്ഞെടുക്കുന്നു. ഇതിനാൽ റിസോർട്ട് ഒന്നാകെ ബുക്ക് ചെയ്യുന്നതിലൂടെ വരുമാനത്തിലും വർദ്ധനവുണ്ടയിട്ടുണ്ട്.
തലസ്ഥാനത്ത്
ഹെറിറ്റേജ് ടൂറിസം
കോവളം,വർക്കല,പൊൻമുടി തുടങ്ങിയവക്ക് പുറമേ ഹെറിറ്റേജ് ടൂറിസം ഉയർത്തിക്കാട്ടിയതാണ് തലസ്ഥാന ജില്ലയ്ക്ക് ഗുണകരമായതെന്ന് ടൂറിസം വകുപ്പ്. ഉത്തരേന്ത്യയിൽ നിന്നും മുതിർന്നവരുടെ കൂട്ടായ്മകൾ ഹെറിറ്റേജ് ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകിയതും സഞ്ചാരികളുടെ കുത്തൊഴുക്കിന് കാരണമായി.
2022ന് ശേഷം
വർദ്ധന
2022ന് ശേഷമാണ് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. 2024ൽ 2.22കോടി ആഭ്യന്തര സഞ്ചാരികളും 7,38,374 വിദേശികളും ഉൾപ്പെടെ 2.29കോടി പേരെത്തി. 2024ലെ ടൂറിസം മേഖലയി വരുമാനം 45,053.61 കോടി.
കേരളത്തിലെത്തിയ സഞ്ചാരികൾ
2024ൽ............................2.29 കോടി
2025 ജൂൺ വരെ.......1.23 കോടി