ടി.പി കേസ് ജ്യോതിബാബുവിന് ജാമ്യം അനുവദിക്കരുത്: സർക്കാർ

Thursday 22 January 2026 12:18 AM IST

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഡയാലിസിസിന് വിധേയനാകണമെന്നും ചൂണ്ടിക്കാട്ടി ജ്യോതിബാബു ജാമ്യാപേക്ഷ സമ‌ർപ്പിച്ചിരുന്നു. ഇതിലാണ് സ‌‌ർക്കാർ നിലപാടറിയിച്ചത്. പ്രതിക്ക് ഉചിതമായ ചികിത്സ ജയിൽ അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. ഹീനമായ കുറ്റകൃത്യത്തിലെ പ്രതിയാണ്. ജാമ്യം നൽകുന്നത് തെറ്രായ സന്ദേശമാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2025 നവംബർ 17ന് അടിയന്തരസ്വഭാവത്തോടെ ജാമ്യം അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തിരുന്നു.