പിണറായിയെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

Thursday 22 January 2026 12:23 AM IST

കണ്ണൂർ: കേരളത്തിൽ വികസനം വരണമെങ്കിൽ പിണറായി വിജയൻ എൻ.ഡി.എയിൽ വരണമെന്ന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രി രാംദാസ് അത്താവാലെ. കണ്ണൂർ താവക്കര ഗ്രീൻപാർക്ക് റസിഡൻസിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രസിഡന്റു കൂടിയായ കേന്ദ്രമന്ത്രിയുടെ ക്ഷണം. വരുന്ന

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്കൊപ്പം നിന്നാൽ പിണറായിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നും പറഞ്ഞു.

ഇതിലൂടെ വികസന പ്രവർത്തനങ്ങൾക്കായി ധാരാളം പണം കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാം. കാർഷിക, തൊഴിൽ, വ്യാവസായിക രംഗത്ത് കുതിച്ചുചാട്ടം കേരളത്തിന് കൈവരിക്കാനാകും.രാഷ്ട്രീയ തത്വസംഹിതകൾ നോക്കിയാൽ ബി.ജെ.പിയും ഇടതുപക്ഷവും തമ്മിൽ യോജിക്കില്ലെന്ന ചിന്താഗതി ഉയർന്നുവരാമെങ്കിലും വികസനത്തിന്റെ കാര്യത്തിൽ അത്തരം വിവേചനത്തിന്റെ ആവശ്യമില്ല. എൻ.ഡി.എയുടെ സഖ്യ കക്ഷിയായി ഇടതുപക്ഷത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തിനകത്ത് മാത്രമല്ല, ലോക രാഷ്ട്രങ്ങൾക്കിടയിൽ 70 ശതമാനം പേരുടെ പിന്തുണയുള്ള നേതാവാണ് മോദി. പൊതുമിനിമം പരിപാടിയുടെ ഭാഗമമെന്ന നിലയിൽ നാടിന്റെ വികസനത്തിനായി എൽ.ഡി.എഫും എൻ.ഡി.എയുടെ ഭാഗമാകണമെന്നും രാംദാസ് അത്താവാലെ പറഞ്ഞു.

ആർ.പി.ഐ സംസ്ഥാന പ്രസിഡന്റായി നുസ്‌റത്ത് ജഹാനെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.ആർ.പി.ഐ സംസ്ഥാന പ്രവർത്തക കൺവൻഷനിൽ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരിലെത്തിയത്.