കടകംപള്ളിയെ ചോദ്യം ചെയ്യാത്തത് ഉന്നത ഇടപെടലിൽ
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം മൂലം. മുഖ്യമന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തു വന്നിട്ടും ചോദ്യം ചെയ്യലിന് എസ്.ഐ.ടി തയ്യാറാകുന്നില്ല. സ്വന്തം ആളുകളെ സംരക്ഷിക്കുന്നതിന്, എസ്.ഐ.ടിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഇഡി അന്വേഷണം കേസ് അട്ടിമറിക്കാനാണോയെന്ന സംശയമുയർത്തുന്നു. രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തക സമിതി അംഗം
സജി ചെറിയാന് എതിരെ നടപടി വേണം ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ച വിവാദ പ്രസ്താവന മന്ത്രി സജി ചെറിയാൻ പിൻവലിച്ചതു കൊണ്ടു മാത്രം പ്രശ്നം തീരില്ല. അദ്ദേഹത്തിനെതിരേ പാർട്ടിയും സർക്കാരും നടപടിയെടുക്കണം. സാംസ്കാരിക മന്ത്രിയായ അദ്ദേഹം വർഗീയതയ്ക്ക് തീ കൊളുത്തുകയാണ് ചെയ്തത്. നേരത്തെ ഭരണഘടനയെ അവഹേളിച്ച മന്ത്രിയാണ് ഇപ്പോൾ കേരളത്തിന്റെ മതേതരത്വത്തെയും സാംസ്കാരിക തനിമയെയും ചോദ്യം ചെയ്തത്. സജി ചെറിയാന്റെ പരാമർശത്തിനെതിരേ നിയമസഭയക്ക്കത്തും പുറത്തും യു.ഡി.എഫ് സമരം തുടരും. സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ്
കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധം മുഖ്യമന്ത്രി പിണറായി വിജയൻ എൻ.ഡി.എയിൽ ചേർന്നാൽ കേരളത്തിന് സഹായം ലഭിക്കുമെന്ന കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ പ്രസ്താവന ഫെഡറലിസത്തിന് എതിരാണ്. ഭരണഘടന വിരുദ്ധമാണ്. അത്താവലെയ്ക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് ധാരണ ഇല്ല. ഭരണഘടനാ സ്ഥാപനങ്ങളെ ആർ.എസ്.എസിന്റെ ചൊൽപ്പടിക്ക് നിറുത്താനുള്ള ശ്രമമാണിത്. നിയോ ഫാസിസത്തിലേക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണം. എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി