ബി.ഡി.ജെ.എസ് സീറ്റുകൾ എൻ.ഡി.എ തീരുമാനിക്കും: തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: ബി.ഡി.ജെ.എസ് എത്ര സീറ്റുകളിൽ മൽസരിക്കണമെന്ന് എൻ.ഡി.എ തീരുമാനിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സീറ്റുകളിൽ ചില വിട്ടുവീഴ്ചകളൊക്കെ വേണ്ടി വരും,ആലപ്പുഴ ജില്ലയിലെ ഒരു സീറ്റും വച്ചു മാറില്ല. തനിക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നായർ - ഈഴവ ഐക്യത്തെ ബി.ഡി.ജെ.എസ് സ്വാഗതം ചെയ്യുന്നു. ഐക്യം ഹിന്ദു സമൂഹത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടു. അയ്യപ്പന്റെ സ്വർണം മോഷ്ടിക്കാൻ ഇടത്, വലത് മുന്നണികൾ മത്സരമാണ് നടത്തിയതെന്ന് ആലപ്പുഴയിൽ ചേർന്ന സംസ്ഥാന കൗൺസിൽ വിലയിരുത്തി. തിരുനാവയിൽ നടക്കുന്ന മഹാ കുംഭമേള വിജയിപ്പിക്കാൻ ഓരോ ഭക്തരും രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തു. കേരളത്തിന്റെ വികസനത്തിന് മോദി സർക്കാർ നൽകുന്ന പിന്തുണയ്ക്ക് യോഗം നന്ദി അറിയിച്ചു. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെക്കപ്പെട്ട നിധിൻ നബിനെ അഭിനന്ദിച്ചു.സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. യോഗം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് അരയകണ്ടി, പൈലി വാത്യാട്ട്, ഉണ്ണികൃഷ്ണൻ ചാലക്കുടി, അഡ്വ.സിനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുത്തറ, അഡ്വ.പി.എസ്.ജ്യോതിസ്, പച്ചയിൽ സന്ദീപ്, അനിരുദ്ധ് കാർത്തികേയൻ, പി.ടി.മന്മഥൻ, രാജേഷ് നെടുമങ്ങാട്, തഴവ സഹദേവൻ എന്നിവർ സംസാരിച്ചു.