കിട്ടുന്നത് റെക്കോഡ് വില, ആവശ്യക്കാരും കൂടുതല്‍; കോളടിച്ചത് ഇവര്‍ക്ക്

Thursday 22 January 2026 12:45 AM IST

പട്ടാമ്പി: ഓണത്തിന് മുമ്പ് നടീല്‍ നടത്തിയ കരിങ്കുറ(ഒറ്റപ്പുവല്‍) കൊയ്ത്ത് കഴിഞ്ഞതോടെ വൈക്കോലിന് റെക്കാഡ് വില ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍ കര്‍ഷകര്‍. ഡിസംബര്‍ അവസാന ആഴ്ച ആരംഭിച്ച കൊയ്ത്ത് ജനവരി മദ്ധ്യത്തോടെ അവസാനിച്ചതിനാല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് വൈക്കോലിന് ലഭിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ തുലാവര്‍ഷവും ഇടമഴയും കാലം തെറ്റി പെയ്തതോടെ പലരുടെയും മുണ്ടകന്‍ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങിയിരുന്നു.

ഇത്തവണ തുലാവര്‍ഷം നേരത്തെ അവസാനിച്ചതിനാല്‍ ഒരു മഴപോലും കൊള്ളാത്ത വൈക്കോല്‍ മികച്ച ക്വാളിറ്റി ഉള്ളവയാണ്. ഒരു കെട്ടിന് 200 മുതല്‍ 250 രൂപ വരെയാണ് ഇപ്പോഴത്തെ വില. മാത്രമല്ല മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്ന് വൈക്കോലിന് ആവശ്യക്കാര്‍ കൂടുതലെത്തുകയും ചെയ്തു. മലപ്പുറത്തെ പൊന്നാനി, പുത്തന്‍ പള്ളി, ചങ്ങരം കുളം കുറ്റിപ്പുറം, തൃശ്ശൂരിരിലെ പെരുമ്പിലാവ്, കുന്നംകുളം, ചാവക്കാട് എന്നിവിടങ്ങളില്‍ വലിയ ഫാമുകള്‍ നടത്തുന്നവരില്‍ നിന്നുമാണ് വൈക്കോലിന് വലിയ ഓര്‍ഡറുകള്‍ ലഭിച്ചത്. വില വര്‍ദ്ധനയ്ക്ക് ഇതു പ്രധാന കാരണമാണെന്ന് കുമരനെല്ലൂര്‍ പാടശേഖര സമിതി സെക്രട്ടറി കെ.മൊയ്തീന്‍ ലിയാക്കത്ത് പറഞ്ഞു.

ജില്ലയിലെ കൊയ്ത്ത് തുടങ്ങാത്ത കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ഇത്തവണ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതായി കപ്പൂര്‍ പഞ്ചായത്ത് പാടശേഖര സമിതി കോഓര്‍ഡിനേഷന്‍ സെക്രട്ടറി അലി അന്നിക്കരയും പറഞ്ഞു. യന്ത്രങ്ങള്‍ ഉപയോഗിച്ച് വൈക്കോല്‍ കെട്ടാക്കുന്നതിന് 30 രൂപ മുതല്‍ 40 രൂപ വരെയാണ് നിരക്ക്. അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യുകയാണെങ്കില്‍ ഒരേക്കറില്‍ നിന്നും 50 മുതല്‍ 60 വരെ കെട്ട് വൈക്കോല്‍ ലഭിക്കും. നീളം കൂടിയ നാടന്‍ ഇനം വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യുകയാണെങ്കില്‍ 55 മുതല്‍ 70 കെട്ട് വൈക്കോല്‍ ലഭിക്കുമെന്ന് മാവറ പാടശേഖരത്തിലെ കര്‍ഷകര്‍ പറഞ്ഞു. അതേസമയം ജനവരി അവസാനം രണ്ടാംവിള മുണ്ടകന്‍ കൊയ്ത്ത് ആരംഭിക്കുന്നതോടെ വൈക്കോല്‍ വില നേര്‍ പകുതിയായി കുറയുമെന്ന ആശങ്കയിലാണ് പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കര്‍ഷകര്‍.