വിള്ളൽ പരിഹരിക്കാൻ പൊലീസ് പരി​രക്ഷ

Thursday 22 January 2026 1:05 AM IST
പറക്കുളത്ത് പൊലീസ് സഹായത്തോടെ മൺമതിൽ ഉയരപ്പാതയിലെ വിള്ളൽ പരിഹരിക്കാൻ മണ്ണ് നീക്കുന്നു

കൊല്ലം: ദേശീയപാതയി​ൽ കൊട്ടിയം ജംഗ്ഷനിലെ, മണ്ണ് നിറച്ചുള്ള ഉയരപ്പാതയിൽ പറക്കുളത്തുണ്ടായ വിള്ളൽ പരിഹരിക്കാൻ കരാർ കമ്പനി പൊലീസ് സഹായത്തോടെ ശ്രമം തുടങ്ങി. മുമ്പ് നാട്ടുകാർ സംഘടിച്ച് തടഞ്ഞതോടെയാണ് പൊലീസ് സഹായം തേടിയത്.

പറക്കുളത്ത് കഴിഞ്ഞമാസം അവസാനം ആർ.ഇ പാനൽ തള്ളിയ ഭാഗത്തിന് മുകളിലാണ് ഉയരപ്പാതയിൽ വിള്ളൽ കണ്ടത്. ടാർ ഇളക്കി നടത്തിയ പരിശോധനയിൽ മണ്ണിനടയിലും വിള്ളലുള്ളതായി സ്ഥിരീകരിച്ചു. നാലിടങ്ങളിലായി 200 മീറ്ററി​ൽ ഇന്നലെ മണ്ണ് നീക്കി. ദേശീയപാത അതോറിട്ടി​ക്ക് വേണ്ടി നിർമ്മാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഇൻഡിപെൻഡെന്റ് എൻജിനിയറിംഗ് കൺസൾട്ടൻസിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി തുടങ്ങിയത്. ആർ.ഇ വാൾ തള്ളിയതിനെ തുടർന്ന് ഈ ഭാഗത്ത് നടത്തിയ മണ്ണ് പരിശോധനയുടെ ഫലം വരും മുൻപേ വിള്ളൽ പരിഹരിക്കൽ നടത്തുന്നതിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ കൊട്ടിയം മുതൽ ഉമയനല്ലൂർ വരെ പ്രകടനം നടത്തി.