തിരു. ദേവസ്വം ബോർഡി​ൽ റാങ്ക് ലി​സ്റ്റ് പരണത്ത്, 'ശാന്തി' താത്കാലി​കം

Thursday 22 January 2026 1:07 AM IST

കൊല്ലം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ശാന്തി​ തസ്തി​കയി​ലുള്ളത് താത്കാലി​കക്കാർ. നിലവിൽ 111 പാർട്ട് ടൈം ശാന്തി തസ്തികകളിലാണ് താത്കാലികക്കാർ ജോലി ചെയ്യുന്നത്. സംവരണക്രമം പാലിച്ചാണ് റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം. ഇതിലൂടെ പിന്നാക്കക്കാർ കടന്നുവരുന്നത് തടയാനാണ് നിയമനം വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. പാർട്ട് ടൈം ശാന്തിക്കാർക്ക് പിന്നീട് പൂർണസമയ ശാന്തിക്കാരായി സ്ഥാനക്കയറ്റം ലഭി​ക്കും.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാർട്ട് ടൈം ശാന്തി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 178 പേർ മെയിൻ ലിസ്റ്റിലുണ്ട്. വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിലുള്ളവരടക്കം 300 പേരാണ് റാങ്ക് പട്ടികയിലുള്ളത്. നി​യമനം ലഭി​ച്ചത് 129 പേർക്ക് മാത്രം. ഒഴിവുകളുണ്ടായിട്ടും രണ്ട് മാസം മുൻപ് നിയമനം സ്തംഭിക്കുകയായിരുന്നു.

താത്കാലികക്കാർ അവധിയെടുക്കുന്ന ദിവസങ്ങളിൽ അവരുടെ അടുപ്പക്കാരെയാണ് പകരം നിറുത്തുന്നത്. ഇങ്ങനെ യാതൊരു മാനദണ്ഡവുമില്ലാതെ താത്കാലികക്കാരെത്തുന്നത് പൂജ നടത്തിപ്പിന് പുറമേ ക്ഷേത്രങ്ങളി​ലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണവും പ്രതിസന്ധിയിലാക്കുന്നുണ്ട്.

നടപടി​ക്ക് വഴി​യി​ല്ല

താത്കാലി​ക ശാന്തി​ക്കാൻ പകരം നി​യോഗി​ക്കുന്നവരുടെ ഭാഗത്ത് നിന്നു വീഴ്ചയോ ക്രമക്കേടോ ഉണ്ടായാൽ ബോർഡിന് കാര്യമായ നടപടിയെടുക്കാനാവി​ല്ല. പകരക്കാരെ ലഭിക്കാതെ ചെറിയ ക്ഷേത്രങ്ങളിൽ നിത്യപൂജ മുടങ്ങിയതായും രസീത് എഴുതാതെ പൂജകൾ നടത്തുന്നതായും പരാതിയുണ്ട്. ഇത്തരം ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള കാണിക്കകൾ ശരിയാംവിധം രേഖകളിൽ ഉൾപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്.