ബ്രഹ്മഗിരി സൊസൈറ്റി: വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം

Thursday 22 January 2026 1:29 AM IST

കൽപ്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലൂടെ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണം. മുൻ ജീവനക്കാരനും നിക്ഷേപകനുമായ കൽപ്പറ്റ സ്വദേശി നൗഷാദാണ് വെളിപ്പെടുത്തൽ നടത്തിയത്. ചാക്കിലാക്കിയാണ് ലക്ഷങ്ങൾ എത്തിച്ചിരുന്നതെന്ന് ചിത്രങ്ങൾ സഹിതം പുറത്തുവിട്ട് നൗഷാദ് മാദ്ധ്യമങ്ങൾക്ക്

മുന്നിലെത്തി.

2021 ഡിസംബറിൽ 30 ലക്ഷത്തോളം രൂപ കള്ളപ്പണം കോഴിക്കോട് നിന്ന് ചാക്കിൽ കെട്ടി ബ്രഹ്മഗിരിയിലേക്ക് കൊണ്ടുവന്നതിന് താൻ സാക്ഷിയാണ്.. ബത്തേരിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരുടെ ആക്കൗണ്ടുകളിലൂടെ ഈ പണം പിന്നീട് വെളുപ്പിച്ചു.. മുൻപ് ബത്തേരിയിലെ ഒരു വ്യവസായിയുടെ പണവും ഇതുപോലെ ചാക്കിൽ കെട്ടി ബ്രഹ്മഗിരിയിലേക്ക് കൊണ്ടു വന്നതും തനിക്കറിയാം.

10 ലക്ഷത്തോളം രൂപ നഷ്ടമായ വ്യക്തിയാണ് നൗഷാദ് . തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പണം തിരികെ നൽകുമെന്ന് സി.പി.എം നേതാക്കൾ ഉറപ്പു നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നേതാക്കൾ കൈമലർത്തി. താൻ ഉൾപ്പെടെയുള്ള നൂറു കണക്കിനാളുകൾ കടക്കണിയിലായി . പലരും ആത്മഹത്യയുടെ വക്കിലാണ്. പ്രശ്ന

പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകിയ പാർട്ടി നേതാക്കൾ മിണ്ടുന്നില്ല. സ്ഥാപനത്തെ രക്ഷിക്കുമെന്ന് ഉറപ്പു നൽകിയ സർക്കാറും ഇടപെടുന്നില്ലെന്നും നൗഷാദ് കുറ്റപ്പെടുത്തി.

അതേസമയം, കള്ളപ്പണ ആരോപണത്തോട് ബ്രഹ്മഗിരിയിലെ അക്കാലത്തെ ഭരണസമിതി അംഗങ്ങൾ പ്രതികരിച്ചിട്ടില്ല. വാസ്തവ വിരുദ്ധമായ ആരോപണമെന്ന് സി.പി.എംനേതാക്കൾ പ്രതികരിച്ചു.