ക്ഷേമനിധി ബോർഡ് അംഗത്വം, മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം നൽകണം: മനുഷ്യാവകാശ കമ്മിഷൻ

Thursday 22 January 2026 1:32 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാൻ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഫിഷറീസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. അംഗത്വമെടുക്കാത്തതിനാൽ മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ മരിച്ച 39 മത്സ്യത്തൊഴിലാളികളിൽ 14 പേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. 10 ലക്ഷം രൂപയാണ് മരണാനന്തര ധനസഹായം. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 177 കോടിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായ സാഹചര്യത്തിൽ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. മുതലപ്പൊഴിയിൽ മണൽ മൂടിയതു കാരണം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത 2433 മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതിനായി ഫിഷറീസ് ഡയറക്ടർ സർക്കാരിന് നൽകിയ 7,94,83,677 രൂപയുടെ പ്രൊപ്പോസൽ ഉടൻ അനുവദിക്കണമെന്നും ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കമ്മിഷൻ നിർദ്ദേശിച്ചു. പൊതുപ്രവർത്തകനായ കവടിയാർ ഹരികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.