കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ യാത്രക്കാർക്ക് പുതിയ പ്രതിസന്ധി; ഞായറും തിങ്കളും അവസ്ഥ അതിരൂക്ഷം

Thursday 22 January 2026 2:01 AM IST

കൊല്ലം: കൊല്ലത്ത് നിന്ന് എറണാകുളത്തേക്കുള്ള മെമു ട്രെയിനുകളിൽ തിക്കും തിരക്കും കാരണം യാത്രക്കാർ കുഴഞ്ഞു വീഴുന്നു. അവധി കഴിഞ്ഞ് കൂടുതൽ പേർ മടങ്ങുന്ന ഞായർ, തിങ്കൾ ദിവസങ്ങളിൽ അവസ്ഥ അതി രൂക്ഷമാണ്.

വിദ്യാർത്ഥികളും ജീവനക്കാരും കൂടുതൽ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിനുകളിൽ രാവിലെയും വൈകിട്ടും മാത്രമാണ് കൂടുതൽ തിരക്ക്. എന്നാൽ കൊല്ലത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്കുള്ള എല്ലാ മെമു സർവ്വീസുകളിലും ഒരേപോലെ തിരക്കാണ്. മറ്റ് ട്രെയിനുകളെക്കാൾ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് മെമുകളിൽ. തിരക്കിന്റെ കാരണവും അതുതന്നെ. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ ബസിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കൂടുതൽ സമയമെടുക്കും. അതിനാൽ വലിയൊരു വിഭാഗം ബസ് യാത്രക്കാർ മെമുവിനെ ആശ്രയിക്കുന്നുണ്ട്. എക്സ്‌പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കുറഞ്ഞതും യാത്രക്കാർ കൂടുതലായി മെമുവിനെ ആശ്രയിക്കാൻ ഇടയാക്കുന്നുണ്ട്.

എട്ട് റേക്കുകളുമായാണ് പല മെമുകളുടെയും സർവീസ്. റേക്കുകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ തിരക്കിന് വലിയ ആശ്വാസമാകുമെങ്കിലും അധികൃതർ തയ്യാറാകുന്നില്ല. ഉള്ളിൽ സ്ഥലം ലഭിക്കാതെ മെമു ട്രെയിനുകളുടെ ചവിട്ടുപടിയിലും ടോയ്ലറ്റ് വരാന്തയിലും ശ്വാസമടക്കി പിടിച്ചാണ് പലരും യാത്ര ചെയ്യുന്നത്. കൊല്ലത്ത് നിന്ന് സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ കായംകുളം എത്തുന്നതിന് മുമ്പ് തന്നെ വാതിൽപ്പടി വരെ യാത്രക്കാർ നിറയും. ഇറങ്ങുന്നവരെക്കാൾ കൂടുതൽ യാത്രക്കാർ എല്ലാ സ്റ്റേഷനിൽ നിന്നും കയറും.

കൊല്ലത്ത് നിന്ന് എറണാകുളത്തെക്കുള്ള മെമു സർവീസുകളും സമയവും

പുലർച്ചെ 3.45:കൊല്ലം- ആലപ്പുഴ- എറണാകുളം പുലർച്ചെ 4.20: കൊല്ലം- കോട്ടയം- എറണാകുളം പുലർച്ചെ 5.55: കൊല്ലം- കോട്ടയം- എറണാകുളം രാവിലെ 8: കൊല്ലം- കോട്ടയം- എറണാകുളം രാവിലെ 9.5: കൊല്ലം- ആലപ്പുഴ- എറണാകുളം രാവിലെ 11:കൊല്ലം- കോട്ടയം- എറണാകുളം ഉച്ചയ്ക്ക് 2.40: കൊല്ലം- കോട്ടയം- എറണാകുളം രാത്രി 9.5: കൊല്ലം- കോട്ടയം- എറണാകുളം

മെമു ട്രെയിനുകളിൽ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഒറ്റക്കാലിൽ നിൽക്കേണ്ട അവസ്ഥ വരെയുണ്ട്

ജെ. ലിയോൺസ് (ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി)

.......................................

ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ കൂടുതൽ യാത്രക്കാർ ഇപ്പോൾ ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് മെമു സർവ്വീസുകളുടെ ഇടവേള കുറച്ച് കൂടുതൽ സർവ്വീസ് ആരംഭിക്കണം. കൊല്ലം- കോട്ടയം- എറണാകുളം മെമുവിൽ റേക്കുകളുടെ എണ്ണം 12 എങ്കിലുമാക്കണം

പി.ആർ. രമേശ്കുമാർ (യാത്രക്കാരൻ)