താനൂരും തവനൂരും സുരക്ഷിതമല്ല; ഉറച്ച മണ്ഡലം നോട്ടമിട്ട് മന്ത്രി വി.അബ്ധുറഹിമാനും കെ.ടി. ജലീലും

Thursday 22 January 2026 2:17 AM IST

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സുരക്ഷിത മണ്ഡലങ്ങളിലേക്ക് നോട്ടമിട്ട് മന്ത്രി വി.അബ്ദുറഹിമാനും കെ.ടി. ജലീൽ എം.എൽ.എയും. തവനൂരിൽ നിന്ന് തുടർച്ചയായി മൂന്നുതവണ എം.എൽ.എ ആയതിനാൽ ഇനി മത്സരിക്കാനില്ലെന്നും പുതുമുഖങ്ങൾക്ക് അവസരമേകണമെന്നും സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് ജലീൽ പറയുന്നത്. തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടുന്ന ജലീൽ പാർട്ടി മറ്റൊരു നിലപാടെടുത്താൽ അംഗീകരിക്കുമെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. പൊന്നാനി പോലെ ഉറച്ച സീറ്റിൽ നോട്ടമിടുന്ന ജലീലിന്റെ സമ്മർദ്ദതന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. കോൺഗ്രസിന്റെ ഫിറോസ് കുന്നുംപറമ്പിലിനെതിരെ 2,564 വോട്ടിനായിരുന്നു ജലീലിന്റെ വിജയം. അവസാന നിമിഷം വരെ മത്സരം പ്രവചനാതീതമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂരിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. തവനൂർ നിയമസഭാ പരിധിയിലെ തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, മംഗലം, തൃപ്പങ്ങോട്, പുറത്തൂർ പഞ്ചായത്തുകളെല്ലാം യു.ഡി.എഫ് നേടിയിട്ടുണ്ട്.

തവനൂരിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ കെ.ടി. ജലീൽ ഉറച്ചുനിന്നാൽ താനൂരിൽ നിന്ന് തവനൂരിലേക്ക് മാറാൻ മന്ത്രി വി.അബ്ദുറഹ്മാന് ആലോചനയുണ്ട്. പൊന്നാനി കഴിഞ്ഞാൽ ജില്ലയിൽ ഇടതുപക്ഷത്തിന് കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് തവനൂർ. ലീഗ് കോട്ടയായിരുന്ന താനൂരിൽ തുടർച്ചയായി രണ്ടുതവണ വിജയിച്ചത് മന്ത്രി വി.അബ്ദുറഹിമാനാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ താനൂർ സുരക്ഷിതമല്ലെന്ന വിലയിരുത്തൽ അബ്ദുറഹിമാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ 16,756 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. പൊന്മുണ്ടം പഞ്ചായത്ത് ഒഴികെ മറ്റിടങ്ങളിലെല്ലാം യു.ഡി.എഫാണ് അധികാരത്തിൽ. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരത്തിൽ 985 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി.അബ്ദുറഹിമാൻ വിജയിച്ചത്. ലീഗിന്റെ പി.കെ.ഫിറോസ് ആയിരുന്നു എതിരാളി. ഇടത് തരംഗമുണ്ടായിട്ട് പോലും താനൂരിൽ മത്സരം കടുത്തു.

താനൂർ നഗരസഭ, ഒഴൂർ, പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂർ, നിറമരുതൂർ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് താനൂർ നിയമസഭ മണ്ഡലം. ഇതിൽ പൊന്മുണ്ടത്ത് കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കമാണ് രണ്ടുതവണയും വോട്ട് ചോർച്ചയ്ക്ക് വഴിവച്ചതെന്നാണ് വിലയിരുത്തൽ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസും ലീഗും വേർപിരിഞ്ഞാണ് മത്സരിച്ചത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ ഈ ചിത്രം ആവർത്തിക്കില്ലെന്ന ഉറപ്പ് കോൺഗ്രസ് നേതൃത്വം ലീഗിന് നൽകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ലീഗ് പ്രാദേശിക നേതൃത്വം കോൺഗ്രസിനോടുള്ള കടുത്ത നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്.

സന്ദീപ് വാര്യർ വരുമോ

കോൺഗ്രസ് സ്ഥാനാർത്ഥി ആര് എന്നതിനെ ആശ്രയിച്ചാകും തവനൂരിലേക്കുള്ള വി.അബ്ദുറഹിമാന്റെ കടന്നുവരവ്. തവനൂരിൽ സന്ദീപ് വാര്യരെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. എൻ.ഡി.എയ്ക്ക് ജില്ലയിൽ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 9,​914 വോട്ട് ലഭിച്ചിട്ടുണ്ട്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഇരട്ടിയോളമായി. 18,900 വോട്ടുകൾ ലഭിച്ചു. സന്ദീപ് വാര്യർ കളത്തിലിറങ്ങിയാൽ തോൽവി ഉറപ്പാക്കാൻ ബി.ജെ.പി വോട്ടുകളിൽ ഒരുപങ്ക് വിജയ സാദ്ധ്യതയുള്ള എതിർസ്ഥാനാർത്ഥിക്ക് ലഭിച്ചേക്കുമെന്നും ഇതുവഴി ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിച്ചുകയറാനാവുമെന്ന വിലയിരുത്തൽ ഇടതുകേന്ദ്രങ്ങളിലുണ്ട്. അതേസമയം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളെ പരീക്ഷിച്ചാൽ ഈ സാദ്ധ്യത കുറയും. മുൻകോൺഗ്രസുകാരനെന്ന പരിവേഷത്തിൽ താനൂരിൽ സംഭവിക്കുന്ന അടിയൊഴുക്ക് സാദ്ധ്യത തവനൂരിലില്ല. താനൂ‌ർ വിടാൻ ആഗ്രഹിക്കുമ്പോഴും അബ്ദുറഹിമാൻ ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നത് ഇക്കാര്യങ്ങളാണ്.