ദീപക്കിന്റെ മരണം; നിർണായക നീക്കവുമായി പൊലീസ്, ഷിംജിതയുടെ മൊബെെൽ ശാസ്ത്രീയ പരിശോധനയ്ക്ക്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം കാട്ടിയെന്നാരോപിച്ചുള്ള ദൃശ്യം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. വടകര മുട്ടുങ്ങൽ വെസ്റ്റിലെ സഹോദരിയുടെ വീട്ടിൽ ഒളിവിലായിരുന്ന ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.
ലെെംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവതി ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വേഗത്തിൽ ശേഖരിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം. വീഡിയോ ചിത്രീകരിച്ച മൊബെെൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്ന നടപടിയിലേക്ക് പൊലീസ് കടക്കും. ഇന്നുതന്നെ കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിതയുടെ നീക്കം.
ദീപക്കിന്റെ മാതാവിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ഷിംജിത ഒളിവിൽ പോയത്. വിദേശബന്ധമുള്ളതിനാൽ ഇവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസുമിറക്കിയിരുന്നു. വടകരയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റിലായത്.
ഷിംജിത പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചതായി പൊലീസ് കണ്ടെത്തി. ബസിലെ സി.സി ടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഷിംജിതയ്ക്കെതിരേ ഐടി ആക്ടും മറ്റ് വകുപ്പുകളും ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യന്നൂരിൽ ബസ് യാത്രയ്ക്കിടെ ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.