ശബരിമല  സ്വർണക്കൊള്ള; കൂടുതൽ  പ്രതികളുടെ  സ്വത്ത്  കണ്ടുകെട്ടാൻ ഇഡി, നടപടി ആരംഭിച്ചു

Thursday 22 January 2026 7:41 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി). മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ഇഡി ആരംഭിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിന്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടും. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിന്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായാവും സ്വത്തുക്കൾ കണ്ടുകെട്ടുക.

ശബരിമല സ്വർണക്കൊള്ളക്കേസിൽ 21 കേന്ദ്രങ്ങളിലെ റെയ്ഡിനു പിന്നാലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ച് കഴിഞ്ഞു. ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിൽ നിന്ന് നൂറുഗ്രാമിന്റെ സ്വർണക്കട്ടിയും പിടിച്ചെടുത്തു. ശ്രീകോവിലിന്റെ വാതിലിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് മനഃപൂർവം രേഖപ്പെടുത്തി കടത്താൻ ഉപയോഗിച്ച മഹസറും നിരവധി ഡിജിറ്റൽ തെളിവുകളുൾപ്പെടെയുള്ള രേഖകളും പിടിച്ചെടുത്തു.

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളിയിലേതെന്ന് സംശയിക്കുന്നതാണ് സ്‌മാർട്ട് ക്രിയേഷൻസിൽ നിന്ന് പിടിച്ചെടുത്ത സ്വർണക്കട്ടി. പാളിയിലെ സ്വർണം രാസവസ്‌തുക്കൾ ഉപയോഗിച്ച് വേർപെടുത്തി തട്ടിയെടുത്തത് സ്‌മാർട്ട് ക്രിയേഷൻസിൽ വച്ചാണെന്നാണ് നിഗമനം.

2019 മുതൽ 2025 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ഔദ്യോഗിക ശുപാർശകളുടെ രേഖകൾ, ഉത്തരവുകൾ, കത്തിടപാടുകൾ, ജുവലറികൾക്ക് നൽകിയ പണമിടപാട് രസീതുകൾ, സ്വർണം വീണ്ടും പൂശുന്നതിന് നൽകിയ വാറന്റി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. വൻതോതിൽ വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.