ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; പുതിയ കൊടിമരം സ്ഥാപിച്ചത് ദേവപ്രശ്നവിധി  പ്രകാരം

Thursday 22 January 2026 8:32 AM IST

പത്തനംതിട്ട: ശബരിമലയിലെ പഴയ കൊടിമരം മാറ്റി സ്ഥാപിച്ചത് ദേവപ്രശ്നവിധി പ്രകാരമെന്ന് റിപ്പോർട്ട്. കൊടിമരത്തിൽ അനധികൃതമായി പെയിന്റടിച്ചതും ജീർണതയും ദോഷമാണെന്ന് ദേവപ്രശ്നത്തിൽ കണ്ടതോടെയാണ് പുനഃപ്രതിഷ്ഠയ്ക്ക് വഴിതുറന്നത്. ഇത് തെളിയിക്കുന്ന നിർണായക ദേവപ്രശ്ന ചാർത്ത് പുറത്തുവന്നിട്ടുണ്ട്. കൊടിമരത്തിന്റെ മുകളിൽ ലേപനപ്രക്രിയ ചെയ്തിരിക്കുന്നത് ദോഷമാണ്. ജീർണത ലക്ഷണമുണ്ടെന്നുമാണ് ചാർത്തിൽ പറയുന്നത്. അതിനാൽ കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ നിർദേശിക്കുകയായിരുന്നു.

ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്നം. 2014 ജൂൺ 18നാണ് ദേവപ്രശ്നം നടന്നത്. യുഡിഎഫ് സർക്കാർ നിയോഗിച്ച് എം പി ഗോവിന്ദൻ നായർ പ്രസിഡന്റായിട്ടുള്ള ബോർഡായിരുന്നു ആ സമയത്ത്. 2017 ഫെബ്രുവരിയിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന ബോർഡായിരുന്നു അപ്പോൾ. അന്ന് കൊടിമരത്തിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു.

ക്ഷേത്രങ്ങളിലെ പഴയ വസ്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്നും ആർക്കും കൊണ്ടുപോവാൻ അവകാശമില്ലെന്നും 2012സെപ്തംബർ 17ന് ദേവസ്വം കമ്മിഷണർ ഉത്തരവ് ഇറക്കിയിരുന്നു. ദേവസ്വം ബോർഡിന്റെ അംഗീകാരത്തോടെയായിരുന്നു ഉത്തരവ്. ഇത് മറികടന്നാണ് 2017ൽ ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലും ചേർന്ന് വാജിവാഹനം തന്ത്രിക്ക് നൽകിയത്. പഞ്ചലോഹത്തിൽ നിർമ്മിച്ച് തങ്കം പൊതിഞ്ഞ 11കിലോ ഭാരമുള്ള വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.