'എന്റെ അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു, 300ഓളം വിദ്യാർത്ഥികൾ തട്ടിപ്പിനിരയായി'; വെളിപ്പെടുത്തി നടി
കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി അരുൺ. അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തന്റെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഗായത്രി ആരോപിക്കുന്നത്. 300ഓളം കുട്ടികൾ ഈ സ്ഥാപനത്തിന്റെ ചതിയിൽപ്പെട്ടതായും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. സ്ഥാപനത്തിന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.
'വളരെ പ്രധാനപ്പെട്ട ഗുരുതരമായ ഒരു തട്ടിപ്പിനെക്കുറിച്ച് അറിയിക്കാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. 2024 സെപ്‌തംബർ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓൺലെെൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. മറ്റ് പല പ്രമുഖരും ഈ ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസേജുകളും വരുന്നുണ്ട്. പെെസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്ക്രീൻഷോട്ട് ഉൾപ്പടെ എനിക്ക് അയച്ചുതരുന്നുണ്ട്. എന്റെ ഫോട്ടോയാണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്സാപ്പിൽ എന്റെ ചിത്രമാണ് പ്രൊഫെെൽ പിക്ചറായി ഉപയോഗിക്കുന്നത്. ഇത് എന്റെ അറിവോടുകൂടിയല്ല.
അതുകൊണ്ടുതന്നെ നിയമപരമായി അവർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്റെ കൂടെ അന്ന് ഉദ്ഘാടനത്തിൽ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവിനെ ഞാൻ എല്ലാ വിവരങ്ങളും വച്ച് അറിയിച്ചിട്ടുണ്ട്. അദ്ദേഹവും നടപടികൾ എടുത്തുകൊള്ളമെന്ന് ഉറപ്പുനൽകി. പലപ്പോഴും പിആർ ഏജൻസികൾ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങൾ വരുക. വിദ്യാഭ്യാസ സ്ഥാപനമാണെങ്കിൽ അതിന് എല്ലാ സർട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാൻ ഉദ്ഘാടനത്തിൽ പങ്കെടുത്തത്. അതിന് മുൻപും ശേഷവും എനിക്ക് അതിലുള്ള ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്.
ഇതുകണ്ട് പല കുഞ്ഞുങ്ങളും, അവരുടെ നല്ല ഭാവി കണ്ട് പല മാതാപിതാക്കളും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ വേണ്ടി പെെസ അടച്ചു. പിന്നീട് ബന്ധപ്പെടുമ്പോൾ ഒരു വിവരവുമില്ല. ഞാൻ ഇവരുടെ ഗൂഗിൾ അക്കൗണ്ട് നോക്കിയപ്പോൾ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകൾ ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ ഏകദേശം 300ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടുപോവുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ പേരിൽ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന സംഘമുണ്ടെങ്കിൽ അവരെ എത്രയും വേഗം തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നുള്ളതാണ് ചെയ്യാൻ കഴിയുന്ന കാര്യം. അതുകൊണ്ട് ഇനി സമയം കളയാതെ നിയമപരമായി മുന്നോട്ടുപോവുക'- നടി ആവശ്യപ്പെട്ടു.