'ശബരിമലയിൽ പോയപ്പോഴെല്ലാം പോറ്റിയെ കണ്ടിട്ടുണ്ട്, എല്ലാം പറയുന്നത് ഓർമയിൽ നിന്ന്, ഡയറി എഴുതുന്ന സ്വഭാവം എനിക്കില്ല'
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ താൻ പോയിട്ടുള്ളത് ഒരുതവണ മാത്രമാണെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. മന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വാഹനത്തിൽ ഗൺമാനോടൊപ്പമാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരിക്കെ രണ്ടുതവണ പോറ്റിയുടെ വീട്ടിൽ കടകംപള്ളി എത്തിയെന്ന് പോറ്റിയുടെ അയൽവാസിയായ വിക്രമൻ നായർ കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
കടകംപള്ളിയുടെ വാക്കുകൾ
'സ്വകാര്യമായല്ല പോയത്, ഔദ്യോഗിക വാഹനത്തിൽ ഗൺമാനോടാെപ്പമാണ് പോയത്. ഒന്നിലധികം തവണ പോയെന്ന് വാർത്തകൾ വന്നപ്പോൾ മന്ത്രിയായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന ഗൺമാന്മാരോട് ഞാൻ ചോദിച്ചു. ഏഴെട്ടുവർഷത്തിനുമുമ്പുനടന്ന ചടങ്ങല്ലേ, അതുകൊണ്ട് എന്തെങ്കിലും ഓർമ്മപിശകുണ്ടായാലോ?. ഒരുതവണ പോയതുമാത്രമേ അവർക്കും ഓർമയുള്ളൂ. കുട്ടിയുമായി ബന്ധപ്പെട്ട ചടങ്ങിനല്ല പോയത്. പോറ്റിയുടെ അച്ഛനുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു അത്. ഫങ്ഷൻ കഴിഞ്ഞാണ് എത്തിയത്. അവിടെ ആരോ വാങ്ങിവച്ചിരുന്നു ഗിഫ്റ്റ് ഞാൻ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ഭക്ഷണവും കഴിച്ചശേഷമാണ് മടങ്ങിയത്. ഡയറി എഴുതുന്ന ശീലം എനിക്കില്ല. ഓർമ്മയിൽ നിന്നാണ് എല്ലാം പറയുന്നത്.
ഞാൻ എപ്പോഴെല്ലാം ശബരിമലയിൽ പോയിട്ടുണ്ടോ അപ്പാേഴെല്ലാം പോറ്റിയെ കണ്ടിട്ടുണ്ട്. 2025വരെ പോറ്റിയെ കാണുന്നത് ഒരു കളങ്കവുമില്ലാത്ത വ്യക്തിയായാണ്. പിന്നീടല്ലേ ശരിക്കുളള മുഖം വ്യക്തമായത്. അതുകൊണ്ട് ഒന്നല്ല ഒമ്പതുതവണ കണ്ടെന്നുപറഞ്ഞാലും എനിക്ക് കുഴപ്പമില്ല. പോറ്റി സോണിയാ ഗാന്ധിയുടെ വീട്ടിലും പോയില്ലേ, കളങ്കിതനാണെന്ന് അറിയുന്നതിനുമുമ്പാകും അത്. സോണിയാഗാന്ധി കളങ്കിതനായ ഒരു വ്യക്തിയെ വിളിച്ച് വീട്ടിൽ കയറ്റുമെന്ന് ഞാൻ കരുതുന്നില്ല. സിപിഎമ്മുകാർക്കെതിരെയുള്ള ചിത്രങ്ങൾ ചിലർ പുറത്തുവിട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ മറിച്ചുള്ള ചിത്രങ്ങളും പുറത്തുവിട്ടതാകാം '-കടകംപള്ളി പറഞ്ഞു.