'അശ്ലീല പ്രവർത്തനങ്ങൾ അനുവദിക്കില്ല, ചോദ്യം ചെയ്യപ്പെടും'; കമിതാക്കൾ ശ്രദ്ധിക്കാൻ കുതിരപ്പാടത്ത് വിചിത്ര ബോർഡ്

Thursday 22 January 2026 12:48 PM IST

തൃശൂർ: കുതിരപ്പാടത്ത് വിചിത്ര ബോ‌ർഡ് ഉയർന്നത് ചർച്ചയാകുന്നു. പ്രണയിക്കാനും സ്വകാര്യ ആവശ്യങ്ങൾ നടപ്പിലാക്കാനും സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ബോർഡിലുള്ളത്. പോര്‍ക്കുളം പഞ്ചായത്തിലെ കുതിരപ്പാടത്തുള്ള റോഡിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ഈ ബോർഡ് സ്ഥാപിച്ചതെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മൂന്നുവര്‍ഷം മുമ്പാണ് റോഡിനിരുവശവും നടപ്പാത നിര്‍മ്മിച്ച് കട്ട വിരിച്ച് മനോഹരമാക്കിയത്. വിജനമായ പ്രദേശമായതിനാല്‍ പകല്‍ സമയങ്ങളില്‍ യുവതി- യുവാക്കള്‍ ഈ റോഡിലെ തണല്‍മരങ്ങളുടെ ചുവട്ടില്‍ വന്നിരിക്കാറുണ്ട്. പാടത്തിനോട് ചേര്‍ന്ന് പാതയോരത്ത് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതും നിത്യേനയുള്ള കാഴ്ചയാണ്.

കമിതാക്കളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ സ്വകാര്യമായ ആവശ്യങ്ങൾ സ്വകാര്യമായ സ്ഥലങ്ങളിൽ പോയി നിർവഹിക്കുക, സ്‌കൂൾ കുട്ടികളും കുടുംബങ്ങളും സഞ്ചരിക്കുന്ന പൊതുവഴിയാണ് ഇത്. ഇവിടെ അശ്ലീലപ്രവർത്തനങ്ങൾ അനുവദിക്കുന്നതല്ല. ചോദ്യം ചെയ്യപ്പെടും. ശ്രദ്ധിക്കുകയെന്നാണ് ബോർഡിലുള്ളത്.