'ദൈവത്തെ കൊള്ളയടിച്ചില്ലേ'; ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

Thursday 22 January 2026 12:53 PM IST

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവും ഉൾപ്പെടെ പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്ന അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്നാണ് സുപ്രീം കോടതി ചോദിച്ചത്.

താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാൽ, കവർച്ചാ സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എൻ വാസുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എസ്‌ഐടി എൻ വാസുവിന്റെ ജാമ്യാപേക്ഷയെ എതിർത്തല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസിൽ ഇടപെടുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 72 ദിവസമായി ജയിലിൽ കഴിയുകയാണ് എൻ വാസു.