തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നിർണായക നീക്കം; ട്വന്റി20 എൻഡിഎയിൽ
തിരുവനന്തപുരം: കിറ്റക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബിന്റെ ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെയും സാന്നിദ്ധ്യത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി സർക്കാർ വികസന സർക്കാർ എന്ന് നേരത്തെ സാബു എം ജേക്കബ് പരാമർശിച്ചിരുന്നു. വികസന കാഴ്‌ചപ്പാടുള്ള സർക്കാരെന്നും വ്യക്തമാക്കിയിരുന്നു. നിലവിൽ നാല് ഗ്രാമപഞ്ചായത്തുകൾ ട്വന്റി20 ഭരിക്കുന്നുണ്ട്. രണ്ട് ഗ്രാമപഞ്ചായത്തുകളിൽ പ്രതിപക്ഷ സ്ഥാനത്തുമുണ്ട്. 89 ജനപ്രതിനിധികളുമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്കരനാട് തൂത്തുവാരിയെങ്കിലും കിഴക്കമ്പലത്ത് ട്വന്റി20ക്ക് തിരിച്ചടി നേരിട്ടു. മാത്രമല്ല, ഭരണത്തിലുണ്ടായിരുന്ന കുന്നത്തുനാടും മഴുവന്നൂരും ഭരണം നഷ്ടപ്പെട്ടു. തിരുവാണിയൂരിൽ ശക്തമായ സാന്നിദ്ധ്യമാകാനും സാധിച്ചു.
ട്വന്റി20 എൻഡിഎയുടെ ഭാഗമായതിൽ സന്തോഷമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമാകും. സാബു എം ജേക്കബ് തൊഴിൽ നിർമാണം തുടരണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
പാർട്ടിയെ സംബന്ധിച്ച് ഒരുപാട് നിർണായകമായ തീരുമാനമാണിതെന്നും ആലോചിച്ച് കൈകൊണ്ടതാണെന്നും സാബു എം ജേക്കബ് പറഞ്ഞു. 'എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ചതും നാടുനശിപ്പിച്ചതും കണ്ട് മനംമടുത്തിട്ടാണ് രാഷ്ട്രീയത്തിലേയ്ക്ക് വന്നതും ട്വന്റി20 എന്ന പാർട്ടി രൂപീകരിച്ചതും. 14 വർഷമായി കേരളത്തിന്റെ വികസനത്തിനായി മാതൃകാപരമായ കാര്യങ്ങൾ നടപ്പിലാക്കുന്നു. കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിൽ ഒറ്റയ്ക്ക് നിന്നുകഴിഞ്ഞാൽ അത് എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയുണ്ടായിരുന്നു. തകർക്കാൻ സാധിക്കാത്ത പാർട്ടിയായി ട്വന്റി20 വളർന്നു. ഞങ്ങളെ ഇല്ലാതാക്കണമെന്ന് വിചാരിച്ചവർക്ക് മുന്നിൽ ഞങ്ങൾ കേരളത്തെ എങ്ങനെ മാറ്റിയെടുക്കുമെന്ന് കാട്ടിക്കൊടുക്കണം. അതിനായി ആലോചിച്ചെടുത്ത തീരുമാനമാണ് എൻഡിഎയുടെ വികസന കാഴ്ചപ്പാടിനൊപ്പം നിന്ന് കേരളത്തെ മാറ്റിയെടുക്കുക എന്ന ദൗത്യം ഏറ്റെടുക്കുക എന്നത്'-സാബു എം ജേക്കബ് വ്യക്തമാക്കി.