ശമ്പളത്തോടൊപ്പം മാസം 9000 രൂപ വീതം കിട്ടും; അധികവരുമാനം അക്കൗണ്ടിലെത്താൻ എന്തെളുപ്പം
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എപ്പോഴും സുരക്ഷിതമാണ്. മിക്കവരും പോസ്റ്റോഫീസിനുകീഴിലുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകളിൽ (ആർഡി) ചേരുന്നുണ്ട്. നിങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ആർഡിയിൽ നിക്ഷേപിക്കുന്നതിലൂടെ മികച്ച പലിശയും ലഭിക്കുന്നു. അതുപോലെ സുരക്ഷിതവും ലാഭകരവുമായ പോസ്റ്റ് ഓഫീസ് പദ്ധതിയാണ് പ്രതിമാസ വരുമാന പദ്ധതി. നിങ്ങളുടെ നിക്ഷേപത്തിന് 7.4 ശതമാനം പലിശ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടാതെ ഒരോ മൂന്ന് മാസം കൂടുമ്പോഴും സർക്കാർ പലിശ നിരക്കുകളിൽ മാറ്റവും വരുത്താറുണ്ട്. അഞ്ച് വർഷമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി. ആവശ്യമെങ്കിൽ ഈ കാലാവധി ദീർഘിപ്പിക്കാവുന്നതാണ്. നിശ്ചിത കാലത്തേക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഈ പദ്ധതി. സിംഗിൾ അക്കൗണ്ടിൽ ഒൻപത് ലക്ഷം രൂപ വരെയും ജോയിന്റെ അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
ഈ പദ്ധതിയുടെ പരമാവധി പ്രയോജനം കൂടുതൽ ലഭിക്കുന്നത് ജോയിന്റ് അക്കൗണ്ട് ഉടമകൾക്കാണ്. ദമ്പതികൾക്കോ അല്ലെങ്കിൽ മൂന്ന് പേർക്കോ ചേർന്ന് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടിൽ നിങ്ങൾ 15 ലക്ഷം രൂപ ഒരുമിച്ച് നിക്ഷേപിക്കുകയാണെങ്കിൽ, 7.4 ശതമാനം പലിശ നിരക്കിൽ പ്രതിവർഷം 1,11,000 രൂപ പലിശയായി ലഭിക്കും. ഇത് 12 മാസത്തേക്ക് വിഭജിക്കുമ്പോൾ പ്രതിമാസം 9,250 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും. സിംഗിൾ അക്കൗണ്ടിൽ ഒരാൾ ഒൻപത് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം 66,600 രൂപ പലിശ ലഭിക്കും. അതായത് മാസംതോറും 5,550 രൂപ വരുമാനമായി ലഭിക്കും.
അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖ സന്ദർശിച്ച് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. പ്രായപൂർത്തിയായവർക്കും പത്ത് വയസിനുമുകളിലുള്ള കുട്ടികൾക്കും സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങാവുന്നതാണ്. പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കായി രക്ഷിതാക്കൾക്ക് അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്നതിനായി ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമാണ്. കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഒരു വർഷത്തിന് മുൻപ് പണം പിൻവലിക്കാൻ സാധിക്കില്ല. സാമ്പത്തിക വിദഗ്ദരിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസിലാക്കിയതിനുശേഷം മാത്രം പദ്ധതിയിൽ ചേരുക.